പിഴവ് സമ്മതിച്ച് ഡോക്ടർ: യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയറിട്ടത് പി.ജി ട്രെയിനി
തിരുവനന്തപുരം: അർബുദ ബാധിതയായ യുവതിയുടെ നെഞ്ചിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ജനറൽ ആശുപത്രിയിൽ നടന്നത് വൻവീഴ്ച. അനസ്തേഷ്യ ഡോക്ടർക്ക് പകരം മൂന്നു മാസത്തേക്ക് പരിശീലനത്തിനെത്തിയ പി.ജി ട്രെയിനി ഡോക്ടർ യുവതിക്ക് സെൻട്രൽ ലൈനിട്ടപ്പോഴാണിത്.
അതേസമയം, വീഴ്ച സമ്മതിച്ചുള്ള ഡോക്ടർ രാജീവ് കുമാറിന്റെ ശബ്ദരേഖയും ഡോക്ടർ വിദഗ്ദ്ധ ചികിത്സക്കായി പണം അയച്ചതിന്റെ സ്‌ക്രീൻ ഷോട്ടും ബന്ധുക്കൾ പുറത്തുവിട്ടു. ഇതോടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ ഡോക്ടർക്ക് കഴിയാതായി. ഡോക്ടർക്കെതിരെ നടപടി വേണമെന്നും കുടുങ്ങിയ വയർ പുറത്തെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതി ഇന്ന് ഡി.എം.ഒ ഓഫീസിന് മുന്നിൽ സമരം നടത്തും.
കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണത്ത് റസിയ മൻസിലിൽ സുമയ്യയാണ് (26) നെഞ്ചിൽ ട്യൂബ് കുടുങ്ങി ദുരിതമനുഭവിക്കുന്നത്. തൈറോയ്ഡ് ക്യാൻസർ സംശയിച്ച് 2023 മാർച്ചിലായിരുന്നു ശസ്ത്രക്രിയ. തുടർന്ന്, കാത്സ്യം കുറഞ്ഞ രോഗിക്ക് അപസ്മാരമുണ്ടായി ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നും നൽകാനായി സെൻട്രൽ ലൈനിട്ടു.
അടിയന്തര സാഹചര്യത്തിൽ പി.ജി ട്രെയിനി ഡോക്ടർക്ക് ലൈനിടാം. ഇക്കാര്യം കൃത്യമായി അനസ്തേഷ്യക്കാരെ അറിയിക്കണം. ഇതുറപ്പാക്കേണ്ടത് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ്. ഇക്കാര്യത്തിൽ ഡോ.രാജീവ് കുമാറിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായി. സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി.
ജീവന് ഭീഷണിയില്ലെന്ന്
2025 ഏപ്രിലിലാണ് ഗൈഡ് വയർ കുടുങ്ങിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്.ആരോഗ്യ വകുപ്പ് സെക്രട്ടറി യുവതിയെയും ബന്ധുക്കളെയും വിളിച്ച് സംസാരിച്ചെന്നാണ് വിവരം. വിദഗ്ദ്ധ സമിതിയും രൂപീകരിച്ചു. ശ്രീചിത്രയിലെ വിഗദ്ധർ പരിശോധിച്ച്, ഗൈഡ് വയർ കാരണം മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാകില്ലെന്ന് റിപ്പോർട്ട് നൽകി. പേസ്മേക്കർ ഉൾപ്പെടെ
ഘടിപ്പിച്ചവരുടെ നെഞ്ചിൽ ഇതിനേക്കാൾ വലിപ്പത്തിലുള്ള വയറുകൾ കാണാമെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
'സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഉചിതമായ നടപടിയെടുത്തു. തുടർ പരാതി ലഭിച്ചാൽ ഉചിതമായ നടപടിയെടുക്കും.'
-ഡോ.കെ.ജെ.റീന
ആരോഗ്യവകുപ്പ് ഡയറക്ടർ