അശ്ലീല വീഡിയോ ആണെന്ന് കോടതി ഉറപ്പാക്കണം

Friday 29 August 2025 12:00 AM IST

കൊച്ചി: അശ്ലീല വീഡിയോ ആണോയെന്ന് ഉറപ്പാക്കാൻ കോടതി കണ്ട് ബോദ്ധ്യപ്പെടണമെന്ന് ഹൈക്കോടതി. അശ്ലീല കാസറ്റ് വിറ്റ കേസിൽ കോട്ടയം കൂരോപ്പട സ്വദേശിക്ക് വിചാരണക്കോടതി വിധിച്ച തടവും പിഴയും റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിർദ്ദേശം. 1999ൽ ഹർജിക്കാരന്റെ വീഡിയോ കാസറ്റ് കടയിൽ നിന്ന് അശ്ലീല കാസറ്റ് പിടിച്ചെടുത്ത പൊലീസ്, കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോട്ടയം മജിസ്ട്രേറ്റ് കോടതി രണ്ടുവർഷം തടവും പിഴയും ശിക്ഷിച്ചു. അപ്പീലിൽ സെഷൻസ് കോടതി ശിക്ഷ ഒരു വർഷമായി കുറച്ചു. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെയും തഹസിൽദാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചതെന്നും വിചാരണക്കോടതി കാസറ്റ് കണ്ടിട്ടില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഇത് അംഗീകരിച്ചാണ് സിംഗിൾബെഞ്ച് വിധി.