കരിയാട്ടത്തിന് ആനവേഷങ്ങൾ ഒരുങ്ങുന്നു
Friday 29 August 2025 12:14 AM IST
കോന്നി : കരിയാട്ടത്തിന്റെ ഭാഗമായി കോന്നിയിൽ നടക്കുന്ന ഘോഷയാത്രയ്ക്കുള്ള ആനവേഷങ്ങൾ കൂടൽ ശ്രുതി തീയേറ്ററിലെ പണിപ്പുരയിൽ ഒരുങ്ങുന്നു. വാഴമുട്ടം നെല്ലിക്കാട്ടിൽ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ 15 പേർ ചേർന്നാണ് ആനവേഷങ്ങൾ നിർമ്മിക്കുന്നത്. യൂഫോമും തുണിയും ഉപയോഗിച്ചാണ് നിർമ്മാണം. തയ്യൽക്കാരും അപ്ഹോൾസറി ജോലികൾ ചെയ്യുന്നവരുമാണ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വീട്ടിലും കൂടുതൽ ശ്രുതി തീയേറ്ററിലുമായി ആനവേഷങ്ങൾ ഒരുക്കുന്നത്. ഇവരെ കൂടാതെ മാവേലിക്കരയിൽ നിന്നുള്ള 15 പേർ ആനയുടെ മുഖം തെർമോകോൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പണിയിലും വ്യാപൃതരാണ്. 150 ആന വേഷങ്ങളാണ് പണിപ്പുരയിൽ ഒരുങ്ങുന്നത്. തെർമോക്കോളിൽ നിർമ്മിക്കുന്ന ആനയുടെ മുഖവും യൂഫോമും തുണിയും ഉപയോഗിച്ച് നിർമ്മിക്കുന്ന ശരീരഭാഗങ്ങളും പെയിന്റ് അടിച്ച് മനോഹരമാകും. ഇത് അണിഞ്ഞാണ് ആനവേഷധാരികൾ ഘോഷയാത്രയിൽ പങ്കെടുക്കുന്നത്.