റീസണുണ്ട്, ലൈഫ് ഹാപ്പിയാവാൻ!
കൊല്ലം: റീസൺ, ഹാപ്പി, ലൈഫ്. ഒരമ്മ പെറ്റ മക്കൾ. അപൂർവ പേരുകളിൽ മൂവരും ഹാപ്പി. മക്കൾക്ക് ഇങ്ങനെ പേരിട്ടതിന് മാതാപിതാക്കൾ പറയുന്ന റീസണാകട്ടെ വെറൈറ്റിയും.
കൊട്ടാരക്കര പുലമൺ എബനേസർ വില്ലയിൽ പാസ്റ്ററായ ടോമി അലക്സാണ്ടറും (62) എലിസബത്ത് ടോമിയുമാണ് (63) വ്യത്യസ്തമായി ചിന്തിച്ച് പേരിട്ടവർ. കന്നി പ്രസവത്തിലെ കൺമണിയാണ് റീസൺ! രണ്ടാമൻ ഹാപ്പി. മൂന്നാമത്തേത് പെൺകുട്ടി, ലൈഫ്.
പേരുകേട്ട് സ്കൂളിലൊക്കെ ആദ്യം കളിയാക്കൽ സഹിക്കേണ്ടി വന്നു. മറ്റാർക്കുണ്ട് ഇതുപോലെ പേരെന്ന് പറഞ്ഞ് മാതാപിതാക്കൾ ആത്മവിശ്വാസം പകർന്നു. അങ്ങനെ സ്വന്തം പേര് മൂവർക്കും അഭിമാനമായി. പഠിച്ച ഒരു ക്ലാസിലും ഇവരുടെ പേരിന് അപരന്മാർ ഇല്ലായിരുന്നു.
ബികോം പൂർത്തിയാക്കി അക്കൗണ്ടിംഗ് ജോലികൾ ചെയ്തുവന്ന റീസൺ ടോമി (29) നിലവിൽ ആന്ധ്രയിൽ സുവിശേഷകനാണ്. ഹാപ്പി ടോമി (28) ബി.കോമും ഫയർ ആൻഡ് സേഫ്ടി കോഴ്സും പൂർത്തിയാക്കി. വർഷിപ്പ് ലീഡറായി പ്രവർത്തിക്കുന്നു. ലൈഫ് എലിസബത്ത് ടോമി (25) ബി.ബി.എയ്ക്കു ശേഷം ദുബായിൽ സൈബർ സെക്യൂരിറ്റി സോക്ക് ഡിപ്പാർമെന്റിൽ ജോലി നേടി. അമ്മയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നാട്ടിലാണിപ്പോൾ.
ഞാൻ പഠിച്ചിരുന്ന സമയത്ത് എന്റെ പേര് മറ്റാർക്കും ഉണ്ടായിരുന്നില്ല. അതുപോലെ മക്കൾക്കും വെറൈറ്റി പേര് നൽകണമെന്ന് തീരുമാനിച്ചു
ടോമി അലക്സാണ്ടർ
പേരു പറയുമ്പോൾ ചിലർ കൗതുകത്തോടെ നോക്കാറുണ്ട്. വിശ്വാസം വരാതെ വീണ്ടും പേര് ചോദിക്കുന്നവരുമുണ്ട്
ലൈഫ്, റീസൺ, ടോമി