മകനെയും 26 നായ്‌ക്കളെയും ഉപേക്ഷിച്ചയാളെ കണ്ടെത്തിയില്ല
തൃപ്പൂണിത്തുറ: 26 നായ്‌ക്കളോടൊപ്പം 10 വയസുള്ള മകനെയും വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നയാളെ ഇന്നലെയും കണ്ടെത്താനായില്ല. ബാലനെ അമ്മൂമ്മയെത്തി ചേർത്തലയിലെ അമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി.
ഞായറാഴ്ച വൈകിട്ട് മുങ്ങിയ പിതാവ് സുധീഷ്, താൻ ആശുപത്രിയിലാണെന്ന് പറഞ്ഞ് ഇന്നലെ മകനെ ഫോണിൽ വിളിച്ചെങ്കിലും എവിടെയാണെന്ന് വെളിപ്പെടുത്തിയില്ല. സുധീഷിന്റെ വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയുടെ ആവശ്യപ്രകാരമാണ് കുട്ടിയെ ചേർത്തലയിലേക്ക് മാറ്റിയത്. സംഭവത്തിൽ പരാതിയില്ലെന്ന് അവർ അറിയിച്ചതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
എരൂർ തൈക്കാട്ട് ദേവിക്ഷേത്രം റോഡിൽ മൂന്നു മാസം മുമ്പ് വാടകയ്‌ക്കെടുത്ത വീട്ടിൽ നാലാം ക്ളാസ് വിദ്യാർത്ഥിയായ മകനും ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 26 നായ്‌ക്കളുമുണ്ടായിരുന്നു. 30,000 മുതൽ 50,000 രൂപ വരെ വിലയുള്ളതാണ് നായ്‌ക്കൾ. ഇവയെ ബ്രീഡിംഗ് നടത്തി കുഞ്ഞുങ്ങളെ വിൽക്കുന്നതായിരുന്നു സുധീഷിന്റെ വരുമാന മാർഗം. നായ്‌ക്കളെ കൂട്ടമായി വളർത്തുന്നതിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു. ഉടൻ വീടൊഴിയാനും അവശ്യപ്പെട്ടു. നായ്‌ക്കളെ നീക്കാൻ തൃപ്പൂണിത്തുറ നഗരസഭയും നോട്ടീസ് നൽകി. പകരം വീട് കിട്ടാതായതോടെ സുധീഷ് വീടുവിട്ട് ഇറങ്ങുകയായിരുന്നുവത്രെ.
അച്ഛനെ കാണാതെ വലഞ്ഞ കുട്ടി ഫോണിൽ അമ്മയെ വിവരം അറിയിച്ചു. അമ്മ അറിയിച്ചതു പ്രകാരമാണ് ബുധനാഴ്ച പൊലീസ് സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്. ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണിയിലായ നായ്‌ക്കൾ വലഞ്ഞു. വാർഡ് കൗൺസിലർ പി.ബി. സതീശൻ എസ്.പി.സി.എയെ അറിയിച്ചതു പ്രകാരം അവർ നായ്‌ക്കൾക്ക് വെള്ളവും ഭക്ഷണവും നൽകിയ ശേഷം പൊലീസ് സഹായത്തോടെ ഫോർട്ടുകൊച്ചിയിലെ ഷെൽട്ടറിലേക്ക് മാറ്റി.