മണ്ണിടിഞ്ഞ് തകർന്ന് താമരശ്ശേരി ചുരം, ഗതാഗതം നിരോധിച്ചു,​ വാഹനങ്ങൾ കുടുങ്ങി

Friday 29 August 2025 12:17 AM IST

ലക്കിടി (വയനാട്): താമരശേരി ചുരത്തിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം നിരോധിച്ചു. ചുരത്തിലൂടെ ആംബുലൻസ്, ആശുപത്രി, പാൽ, പത്രം, ഇന്ധനം തുടങ്ങി അടിയന്തര സർവീസുകളേ അനുവദിക്കുന്നുള്ളൂ. ഉച്ചയ്ക്ക് രണ്ടിനുണ്ടായ മണ്ണിടിച്ചിലിൽ നിന്ന് രക്ഷാപ്രവർത്തകരും ഉദ്യോഗസ്ഥരും രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. രാവിലെ മഴവെള്ളത്തിനൊപ്പം റോഡിൽ പതിച്ച കല്ലും മണ്ണും മാറ്റുന്നതിനിടെയായിരുന്നു അപകടം.

80 അടി മുകളിൽ നിന്ന് കല്ലും മണ്ണും മരങ്ങളും ഒഴുകിയെത്തുകയായിരുന്നു. ചൊവ്വാഴ്ച മണ്ണിടിഞ്ഞ സ്ഥലത്താണ് ഇന്നലെ വീണ്ടും അപകടമുണ്ടായത്. ചുരത്തിന്റെ പ്രവേശന കവാടമായ ലക്കിടിയിലും അടിവാരത്തും വടംകെട്ടി പൊലീസ് റോഡടച്ചു. നൂറു കണക്കിന് വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ചുരത്തിൽ രാത്രിയും അതിശക്ത മഴയാണ്. റോഡിൽ അടിഞ്ഞ പാറയും മണ്ണും മരങ്ങളും നീക്കാൻ മഴ തടസമായി.

ചൊവ്വാഴ്ച രാത്രി ഇടിഞ്ഞ മണ്ണ് നീക്കി ബുധനാഴ്ച രാത്രി 9 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ എട്ടു മണിയോടെ മഴ ശക്തിപ്പെട്ടു. കല്ലും പാറകളും റോഡിലേക്ക് വീഴാൻ തുടങ്ങിയതോടെ വാഹനങ്ങൾ തടഞ്ഞിട്ടു. ചുരത്തിൽ നീർച്ചാലുകൾ രൂപപ്പെട്ടതിനാൽ അപകടസാദ്ധ്യത നിലനിൽക്കുകയാണ്. അതേസമയം, കോഴിക്കോട് ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കാത്തതിൽ പ്രതിഷേധമയർന്നു.