ജലജന്യരോഗങ്ങളെ പ്രതിരോധിക്കാൻ സ്കൂൾ ലാബുകളിൽ ജലപരിശോധന

Friday 29 August 2025 12:18 AM IST

പത്തനംതിട്ട : വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്താൻ സ്കൂൾ ലാബുകളിൽ സൗകര്യമൊരുങ്ങി. തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണ് സാമ്പിൾ നൽകേണ്ടത്. ഹരിതകേരളം മിഷനാണ് പുതിയ സംരംഭവുമായി രംഗത്തുവന്നത്. ഹയർസെക്കൻഡറി, ഹൈസ്കൂളുകളിലെ കെമസ്ട്രി ലാബിൽ ജലപരിശോധനയ്ക്ക് പ്രത്യേകം ലാബുകൾ സ്ഥാപിക്കും. ആദ്യഘട്ടമായി ജില്ലയിലെ 21 സ്‌കൂളുകളിൽ ലാബുകൾ സ്ഥാപിച്ച് ജലഗുണനിലവാര പരിശോധന നടത്തിവരികയാണ്. ഇതിനകം നാലായിരം സാമ്പിളുകൾ പരിശോധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്‌കൂളുകളിലെ എൻ.എസ്.എസ്, എൻ.സി.സി , സ്‌കൌട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയവയുടെ സഹകരണത്തോടെ സ്‌കൂളുകളിലെ കെമിസ്ട്രി അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഒന്നര മണിക്കൂറിൽ ഫലം ലഭിക്കും. കോളിഫോം ബാക്ടീരിയയുടെ പരിശോധനഫലം വൈകും. സൗജന്യമായാണ് പരിശോധന. കുറേ സാമ്പിളുകൾ ഒന്നിച്ചാണ് പരിശോധിക്കുന്നത്. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന 'ജലമാണ് ജീവൻ' ക്യാമ്പയിനിലും സ്‌കൂൾ ലാബുകൾ കേന്ദ്രീകരിച്ചുള്ള ജലപരിശോധന പ്രധാനഘടകമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണാവധിക്ക് ശേഷം വിപുലമായ ജലപരിശോധനകൾ സ്‌കൂൾ ലാബുകൾ കേന്ദ്രീകരിച്ച് നടക്കും.

ജലമാണ് ജീവൻ പദ്ധതി

റീബിൽഡ് കേരളയുടെ ഫണ്ടുപയോഗിച്ചാണ് ലാബുകൾ സ്ഥാപിക്കുന്നത്. അയ്യായിരം സാമ്പിളുകൾ പരിശോധിക്കാനുള്ള രാസവസ്തുക്കളും അനുബന്ധ ഉപകരണങ്ങളും സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. ജലജന്യരോഗങ്ങളെ പ്രതിരോധിക്കാനുള്ള ജലമാണ് ജീവൻ പദ്ധതിയുടെ ഭാഗമായി ജല പരിശോധന വിപുലമാക്കും. അടുത്തമാസം പകുതിയോടെ ജില്ലയിലെ മറ്റുസ്കൂളുകളിലും പരിശോധന ലാബുകൾ സ്ഥാപിക്കും. ജലപരിശോധന സ്കൂൾ ലാബുകൾ കേന്ദ്രീകരിച്ച് നടത്തുന്നതോടെ ഫലം എളുപ്പത്തിൽ ലഭിക്കുമെന്നാണ് ഹരിതകേരളം മിഷൻ അധികൃതർ പറയുന്നത്.

ആദ്യഘട്ടത്തിൽ പരിശോധന 21 സ്കൂളുകളിൽ,

പരിശോധന ഫലം ഒന്നര മണിക്കൂറിനുള്ളിൽ,

കെമിസ്ട്രി അദ്ധ്യാപകർ നേതൃത്വം നൽകും.

വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ സ്കൂൾ ലാബുകളിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. റിസൾട്ട് വേഗത്തിൽ ലഭിക്കും.

ജി.അനിൽകുമാർ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ