കായിക മേള : സ്കൂളുകൾക്ക് വിഹിതം തിരിച്ചുകിട്ടി

Friday 29 August 2025 12:19 AM IST

പത്തനംതിട്ട : സ്‌കൂൾ കായികമേളകളുടെ നടത്തിപ്പിനായി വിദ്യാർത്ഥികളിൽ നിന്ന് സ്‌പെഷ്യൽ ഫീസായി പിരിക്കുന്ന തുക മുഴുവൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കി. സ്കൂൾ വിഹിതം എടുത്തശേഷം ബാക്കി തുക പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നൽകിയാൽ മതിയെന്ന് കഴിഞ്ഞദിവസം ഉത്തരവ് ഇറങ്ങി. ' കായികമേളയ്ക്ക് ഇനി സ്കൂൾ വിഹിതമില്ല"എന്ന തലക്കെട്ടിൽ ഇക്കഴിഞ്ഞ 18ന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് മുൻ ഉത്തരവ് റദ്ദാക്കിയത്.

ഹയർ സെക്കൻഡറിയിലെ ഒരു വിദ്യാർത്ഥിയിൽ നിന്ന് 75 രൂപയാണ് കായികമേള സ്‌പെഷ്യൽ ഫീസായി പിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഇതിൽ 21 രൂപ സ്‌കൂൾ തല കായികമേളകൾ നടത്താനുള്ള വിഹിതമായി എടുത്തശേഷം ബാക്കിയാണ് അടയ്‌ക്കേണ്ടിയിരുന്നത്.

എന്നാൽ, ഇക്കഴിഞ്ഞ ജൂലായ് 28ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ വിദ്യാർത്ഥികളിൽ നിന്ന് പിരിക്കുന്ന മുഴുവൻ തുകയും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുവദിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇത് സ്കൂൾ കായികമേളയുടെ നടത്തിപ്പിനെ ബാധിക്കുമെന്നും ഫണ്ടില്ലാത്തതിനാൽ സ്കൂൾ കായികമേളകൾ മുടങ്ങുമെന്നും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം അദ്ധ്യാപക സംഘടനകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഉത്തരവ് തിരുത്തി സ്കൂൾ വിഹിതം അനുവദിച്ചത്.

പിരിക്കുന്ന തുക മുഴുവൻ പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് അടയ്ക്കമെന്ന മുൻ ഉത്തരവ് തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു.

പി.ചാന്ദിനി, എച്ച്.എസ്.ടി.എ സംസ്ഥാന സമിതിയംഗം