നികുതി 40 ശതമാനത്തിലേക്ക് , ലോട്ടറിയിലും കൈവയ്ക്കുന്നു
തിരുവനന്തപുരം: കടമെടുപ്പും നികുതിവിഹിതവും കുറച്ച് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതിനു പിന്നാലെ ലോട്ടറി വരുമാനത്തിലും കൈവയ്‌ക്കുന്ന നിലയിലേക്ക് നീങ്ങുകയാണ് കേന്ദ്രം.
ജി.എസ്.ടി വന്നപ്പോൾ 12 ശതമാനമായിരുന്നു ലോട്ടറി നികുതി. 2020ൽ 28ശതമാനമാക്കി. ഇതോടെ ടിക്കറ്റ് വില 30രൂപയിൽ നിന്ന് 40ലേക്കും പിന്നീട് 50ലേക്കും ഉയർന്നു. ടിക്കറ്റ് വില്പനയെയും അത് ബാധിച്ചു. ഇതിനു പിന്നാലെയാണ് ലോട്ടറിയുടെ ജി.എസ്.ടി 40% ആക്കാനുള്ള നീക്കം.
അതേസമയം, പുതിയ പരിഷ്കാരത്തിൽ ലോട്ടറിയെ 5 ശതമാനം നികുതി വിഭാഗത്തിൽപ്പെടുത്തണനെന്നാണ് കേരളത്തിന്റെ ആവശ്യം.
രാജ്യത്ത് വിലക്കയറ്റം രൂക്ഷമായത് കണക്കിലെടുത്താണ് ജി.എസ്.ടി നിരക്കുകൾ കുറയ്ക്കാനും പരിഷ്കരിക്കാനും തീരുമാനിച്ചത്. പിന്നാലെയാണ് ചിലതിന് അത്യുഗ്ര ജി.എസ്.ടി ഏർപ്പെടുത്താനും തീരുമാനമുണ്ടായത്. ഈ ഗണത്തിലാണ് ലോട്ടറിയും. നിലവിൽ 5,12,18,28 എന്നീ നികുതി നിരക്കുകളാണുള്ളത്. പരിഷ്കരിക്കുമ്പോൾ 5ഉം18ഉം മാത്രമാകും. ഇങ്ങനെയുണ്ടാകുന്ന നികുതി നഷ്ടം നികത്താനാണ് 40% നികുതി വിഭാഗം പ്രത്യേകം സൃഷ്ടിക്കുന്നത്. നിലവിൽ ലോട്ടറി ടിക്കറ്റ് വിലയുടെ 28 ശതമാനമാണ് ജി.എസ്.ടി. ഇത് 40% ആയി വർദ്ധിപ്പിക്കുമ്പോൾ ടിക്കറ്റ് വില ഉയർത്തേണ്ടിവരുമെന്നാണ് ആശങ്ക. ഇത് വില്പനയെ ബാധിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കേരള ലോട്ടറിയെ ഓൺലൈൻ ഗെയിമിംഗ്,ചൂതാട്ടം തുടങ്ങിയ വിഭാഗത്തിൽ പെടുത്തിയാണ് കേന്ദ്രസർക്കാർ കാണുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്.
ലക്ഷക്കണക്കിന് പേരുടെ
ഉപജീവന മാർഗം
ലോട്ടറി വില്പന പ്രധാന വരുമാനവും ലക്ഷക്കണക്കിന് പേരുടെ ഉപജീവന മാർഗ്ഗവുമാണ്. വർഷം 14,000 കോടിയോളം രൂപയ്ക്കാണ് ലോട്ടറി വില്പന. നികുതിയിനത്തിൽ 3000 കോടിയോളവും ലാഭമായി 450 കോടിയും കിട്ടുന്നുണ്ട്. ചികിത്സാധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസധനസഹായം, പ്രസവ ധനസഹായം,കാരുണ്യ, ഭിന്നശേഷിക്കാർക്കുള്ള സഹായം തുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണവും ഇതുവഴി നടത്തുന്നുണ്ട്. ലോട്ടറി കച്ചവടം പ്രതിസന്ധിയിലായാൽ ഇതെല്ലാം നിലയ്ക്കും.
പ്രധാനമന്ത്രി പറഞ്ഞത്
സാധാരണക്കാരുടെ ജീവിതഭാരം കുറയ്ക്കാൻ ദീപാവലി മുതൽ ജി.എസ്.ടി.നിരക്കുകൾ പരിഷ്കരിക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര ധനവകുപ്പ് നൽകിയ വിശദീകരണത്തിൽ നാലിൽ നിന്ന് നികുതി സ്ളാബുകൾ രണ്ടാക്കി കുറയ്ക്കുമെന്നും ലോട്ടറിയും ചൂതാട്ടവും പോലുള്ളവയെ 40% എന്ന പുതിയ നികുതി സ്ളാബ് രൂപീകരിച്ച് അതിലേക്ക് മാറ്റുമെന്നും വ്യക്തമാക്കി. തീരുമാനമെടുക്കാൻ സെപ്തംബർ 3, 4തീയതികളിൽ എല്ലാ മുഖ്യമന്ത്രിമാരെയും സംസ്ഥാന ധനമന്ത്രിമാരെയും വിളിച്ച് ജി.എസ്.ടി കൗൺസിൽ യോഗം ചേരും. അതിൽ അന്തിമതീരുമാനമുണ്ടാകും.
'ലോട്ടറി ചൂതാട്ടമല്ല,അതൊരു സാമൂഹ്യസുരക്ഷാ പദ്ധതിയാണ്. വരുമാനം പൂർണമായും ക്ഷേമപ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.സംസ്ഥാനത്തിന്റെ വരുമാനമാർഗത്തെ ഇല്ലാതാക്കുന്ന നടപടിയെ ശക്തമായി എതിർക്കും,'
-കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി