കനത്ത മഴ, കുറ്റ്യാടി ചുരത്തിലും മണ്ണിടിച്ചിൽ

Friday 29 August 2025 12:02 AM IST
കുറ്റ്യാടി പക്രംതളം ചുരത്തിൽ മണ്ണിടിഞ്ഞ് വീണനിലയിൽ

കോഴിക്കോട്: താമരശ്ശേരി, കുറ്റ്യാടി ഉൾപ്പെടെ ജില്ലയിൽ കനത്ത മഴ. താമരശ്ശേരി ചുരത്തിൽ ഇന്നലെ വീണ്ടും മണ്ണിടിഞ്ഞു. കുറ്റ്യാടി ചുരത്തിലും മണ്ണിടിച്ചിലുണ്ടായി. കാവിലുംപാറ ചുരം റോഡിലെ പക്രംതളം ചുരത്തിലാണ് മണ്ണിടിഞ്ഞത്. നാട്ടുകാരും യാത്രക്കാരും ചേർന്ന് മണ്ണും മരങ്ങളും നീക്കി. മഴ തുടർന്നാൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവാനാണ് സാദ്ധ്യത, താമരശ്ശേരി ചുരം റോഡിൽ മണ്ണ് വീണ് ഗതാഗതം നിലച്ച കാരണത്താൽ വയനാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുറ്റ്യാടി തൊട്ടിൽ പാലം, കാവിലുംപാറ ചുരം വഴിയാണ് കടന്ന് പോകുന്നത്. ഇത് കാരണം കുറ്റ്യാടി ടൗണിലും സമീപ റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കുറ്റ്യാടി ഉൾപ്പെടെയുള്ള മലയോര മേഖലയിൽ ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ടായി. താമരശ്ശേരി ചുരം റോഡിലേക്ക് വൻതോതിൽ മണ്ണ് ഒലിച്ചെത്തിയതിനെ തുടർന്ന് പൊലീസും അഗ്നിശമന സേനയും മാദ്ധ്യമ പ്രവർത്തകർ അടക്കമുള്ളവരെ സ്ഥലത്തു നിന്ന് മാറ്റി. താമരശ്ശേരി ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റിന് സമീപം ശക്തമായ ശബ്ദത്തോടെയാണ് മണ്ണും പാറക്കല്ലുകളും ഒലിച്ചെത്തിയത്. മണ്ണിടിച്ചിൽ തുടരുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുംവരെ പൂർണമായും നിരോധിച്ചതായി ജില്ല കളക്ടർ സ്‌നേഹിൽകുമാർ സിംഗ് അറിയിച്ചു. കുറ്റ്യാടി ചുരത്തിലും ഗതാഗതക്കുരുക്കിന് സാദ്ധ്യതയുള്ളതിനാൽ ചുരംവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.

മണ്ണ് നീക്കൽ പുരോഗമിക്കുന്നു

താമരശ്ശേരി ചുരം റോഡിൽ നിന്ന് മണ്ണ് നീക്കൽ പ്രവൃത്തി പുരോഗമിക്കുകയാണ്. താമരശ്ശേരി തഹസിൽദാർ സി.സുബൈർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസ്, അഗ്നിശമന ഉൾപ്പെടെയുള്ളവ ശ്രമിച്ചുവരികയാണ്. കോഴിക്കോട് ജില്ല ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം. രേഖ, ഹസാഡ് അനലിസ്റ്റ് പി.അശ്വതി, ജില്ല സോയിൽ കൺസർവേഷൻ ഓഫീസർ എം.രാജീവ്, അസി. ജിയോളജിസ്റ്റ് ദീപ ഉൾപ്പെടെയുള്ള സംഘം ഇന്നലെ സംഭവ സ്ഥലം സന്ദർശിക്കുകയും ആവശ്യമായ നടപടികൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.