ഈ രണ്ട് കാര്യങ്ങളാണ് ഇന്ത്യയുടെ കരുത്ത്; സാക്ഷാല്‍ അമേരിക്ക വിചാരിച്ചാലും മുട്ടുകുത്തില്ല
ജൂലായില്‍ വ്യാവസായിക ഉത്പാദനം 3.5% ഉയര്‍ന്നു
കൊച്ചി: ആഗോള വ്യാപാര അനിശ്ചിതത്വങ്ങള്‍ക്കിടെയിലും ഇന്ത്യന്‍ വ്യാവസായിക മേഖല മികച്ച പ്രകടനം തുടരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കണക്കുകളനുസരിച്ച് ജൂലായില്‍ രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക നാല് മാസത്തിലെ ഉയര്‍ന്ന തലമായ 3.5 ശതമാനത്തിലെത്തി. ജൂണില്‍ വ്യാവസായിക ഉത്പാദനത്തില്‍ 1.5 ശതമാനം വര്‍ദ്ധന മാത്രമാണുണ്ടായിരുന്നത്. മാനുഫാക്ചറിംഗ് മേഖലയിലെ ഉണര്‍വാണ് വ്യാവസായിക ഉത്പാദനത്തിന് കരുത്തായത്. മാനുഫാക്ചറിംഗ് രംഗത്തെ ഉത്പാദനം കഴിഞ്ഞ മാസം 5.4 ശതമാനം വളര്‍ച്ച നേടി. ജൂലായില്‍ വൈദ്യുതി ഉത്പാദനം 0.6 ശതമാനം വര്‍ദ്ധിച്ചു. ജൂണില്‍ വൈദ്യുതി ഉത്പാദനത്തില്‍ 1.2 ശതമാനം ഇടിവുണ്ടായിരുന്നു.
കഴിഞ്ഞ മാസം ഖനന മേഖലയിലെ ഉത്പാദനം 7.2 ശതമാനം കുറഞ്ഞു. കാറുകളും സ്മാര്‍ട്ട് ഫോണുകളുമടങ്ങിയ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വിപണിയിലെ ഉത്പാദനം അവലോകന കാലയളവില്‍ 7.7 ശതമാനമായി ഉയര്‍ന്നു. മൂലധന ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ 5.4 ശതമാനം വളര്‍ച്ചയുണ്ട്. ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള കാലയളവില്‍ വ്യാവസായിക ഉത്പാദന സൂചിക 2.3 ശതമാനം വളര്‍ച്ചയാണ് നേടിയത്.
സമ്പൂര്‍ണ പിന്തുണയെന്ന് നിര്‍മ്മല സീതാരാമന്‍
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയില്‍ വലയുന്ന കയറ്റുമതിക്കാര്‍ക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. വെല്ലുവിളികള്‍ തരണം ചെയ്യാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും കയറ്റുമതിക്കാരുടെ സംഘടനകളുമായുള്ള കൂടിക്കാഴ്ചയില്‍ ധനമന്ത്രി പറഞ്ഞു. കയറ്റുമതി പ്രതിസന്ധി തരണം ചെയ്യുന്നതിന് വ്യവസായ നയങ്ങളില്‍ സമഗ്ര മാറ്റം വേണമെന്ന് ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ്(എഫ്.ഐ.ഇ.ഒ) പ്രസിഡന്റ് എസ്.സി രാധന്‍ പറഞ്ഞു.
ജി.ഡി.പി വളര്‍ച്ച 5.8 ശതമാനമായി കുറഞ്ഞേക്കും
യു.എസിലെ ഉയര്‍ന്ന തീരുവ അതിരൂക്ഷമായി ബാധിച്ചാലും നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തില്‍(ജി.ഡി.പി) 5.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് പ്രമുഖ ധനകാര്യ ഏജന്‍സിയായ നൊമുര വ്യക്തമാക്കി.
ഇന്ത്യയുടെ കരുത്ത്
1. ഇന്ത്യയിലെ ഇടത്തരക്കാരുടെ വാങ്ങല്‍ശേഷിയിലെ വര്‍ദ്ധനയും ഉയര്‍ന്ന ജനസംഖ്യയും ആഭ്യന്തര വളര്‍ച്ചയ്ക്ക് കരുത്താകും
2. ചരക്ക് സേവന നികുതി കുറയാനുള്ള സാദ്ധ്യതയും ഉത്സവകാലത്തെ മികച്ച ഉപഭോഗവും വ്യവസായ മേഖലയ്ക്ക് പിന്തുണയാകും