യാത്രക്കാർ സൂക്ഷിക്കുക, മട്ടലിൽ ബോട്ടുജെട്ടി സുരക്ഷിതമല്ല
പടിഞ്ഞാറെക്കല്ലട : കല്ലടയാറിന്റെ തീരത്തുള്ള മട്ടലിൽ ബോട്ട് ജെട്ടിയിലെ സുരക്ഷാവേലി തകർന്നത് വിനോദസഞ്ചാരികൾക്ക് ഭീഷണിയാകുന്നു. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ജെട്ടിയുടെ ഒരു വശത്തെ ഇരുമ്പ് വേലി നശിച്ചിട്ട് മാസങ്ങളായെങ്കിലും അധികൃതർ നടപടിയെടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സുരക്ഷാ ഭീഷണി
മൺറോ തുരുത്തും കല്ലടയുടെ വിവിധ പ്രദേശങ്ങളും സന്ദർശിക്കാൻ ദിവസവും നിരവധി സഞ്ചാരികൾ ഈ ബോട്ട് ജെട്ടിയെ ആശ്രയിക്കുന്നുണ്ട്. ഹൗസ് ബോട്ടുകളിലും ശിക്കാരി ബോട്ടുകളിലും ആളുകൾ തുഴയുന്ന വള്ളങ്ങളിലുമായി കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇവിടെ നിന്ന് യാത്ര തിരിക്കുന്നു. ജെട്ടിയോട് ചേർന്നുള്ള ആറിന് ആഴം കൂടുതലായതിനാൽ, കാൽവഴുതി വീണാൽ വലിയ അപകടങ്ങൾ സംഭവിക്കാൻ സാദ്ധ്യതയുണ്ട്.
കല്ലട ജലോത്സവവും സുരക്ഷാവെല്ലുവിളിയും
ഓണം കഴിഞ്ഞാൽ കല്ലട ജലോത്സവം നടക്കാനിരിക്കുകയാണ്. വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റായ ഇവിടെ മത്സരം കാണാൻ നൂറുകണക്കിന് ആളുകളാണ് ബോട്ട് ജെട്ടിയിൽ എത്തുന്നത്. തകർന്ന സുരക്ഷാവേലി ഇവരുടെയും ജീവന് ഭീഷണിയാകാൻ സാദ്ധ്യതയുണ്ട്. യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ കണക്കിലെടുത്ത് ജെട്ടിയിലെ വേലികൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് നിലവിൽ ഇവിടെ ഒരു വിശ്രമ കേന്ദ്രമില്ല.യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതെ വിശ്രമിക്കുവാനും സുഗമമായി യാത്ര ചെയ്യുന്നതിനും ബോട്ട് ജെട്ടിയോട് ചേർന്ന് ഒരു വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണം.
എസ്. ശ്രീകുമാർ,
വള്ളിയെഴികത്ത് വീട്
ഐത്തോട്ടുവ ,പ്രദേശവാസി