ചാമ്പ്യൻസ് ലീഗ് : പാരീസിനെതിരെ ബാഴ്സയും ബയേണും
ലൊസൈൻ : ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ ഏതൊക്കെ ക്ളബുകൾ തമ്മിലാണ് പ്രാഥമിക റൗണ്ടിലെ പോരാട്ടമെന്നറിയാനുള്ള ഡ്രോ നടന്നു. നിലവിലെ ചാമ്പ്യന്മാരായ പാരീസ് എസ്.ജി നേരിടാനുള്ള എട്ട് എതിരാളികളിൽ മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയും ബയേൺ മ്യൂണിക്കും ഉൾപ്പെടുന്നു. അറ്റലാന്റ, ലെവർകൂസൻ,ടോട്ടൻഹാം,സ്പോർട്ടിംഗ്, ന്യൂകാസിൽ, അത്‌ലറ്റിക് ക്ളബ് എന്നിവരാണ് പാരീസിന്റെ മറ്റ് എതിരാളികൾ.
ബാഴ്സലോണയ്ക്ക് പാരീസിനെക്കൂടാതെ ചെൽസി,ഫ്രാങ്ക്ഫർട്ട്,ക്ളബ് ബ്രുഗെ,ഒളിമ്പ്യാക്കോസ്,സ്ളാവിയ പ്രാഹ,കോപ്പൻ ഹേഗൻ ,ന്യൂകാസിൽ എന്നിവരെ നേരിടണം.ഇംഗ്ളീഷ് ക്ളബ് ലിവർപൂളിന് ഇന്റർ മിലാൻ, അത്‌ലറ്റിക്കോ മാഡ്രിഡ്,ഫ്രാങ്ക്ഫർട്ട്,പി.എസ്.വി,മാഴ്സെ,കറാബാഗ്,ഗലറ്റസറി എന്നിവരാണ് എതിരാളികൾ.മാഞ്ചസ്റ്റർ സിറ്റിക്ക് റയൽ മാഡ്രിഡ്,ലെവർകൂസൻ,വിയ്യാറയൽ,നാപ്പോളി,ബോഡോ,ഗലറ്റസറി,മൊണാക്കോ എന്നിവരെയും നേരിടണം.
ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ്
പ്രാഥമിക റൗണ്ടിൽ മത്സരിക്കുന്നത് 36 ടീമുകൾ. ഒരു ടീമിന് തിരഞ്ഞെടുക്കപ്പെടുന്ന എട്ട് എതിരാളികളുമായി ഓരോ മത്സരം.
പോയിന്റ് നിലയിൽ മുന്നിലെത്തുന്ന എട്ടു ടീമുകൾ നേരിട്ട് പ്രീ ക്വാർട്ടറിലേക്ക്. 9 മുതൽ 24വരെ സ്ഥാനങ്ങളിലെത്തുന്ന 16 ടീമുകൾ പ്രിലിമിനറി നോക്കൗട്ട് റൗണ്ടിൽ ഏറ്റുമുട്ടി അതിൽ ജയിക്കുന്ന എട്ടു ടീമുകളും പ്രീ ക്വാർട്ടറിലെത്തും.
പ്രാഥമിക റൗണ്ടിൽ 25 മുതൽ 36 വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകളും പ്രിലിമിനറി നോക്കൗട്ട് റൗണ്ടിൽ തോൽക്കുന്ന ടീമുകളും പുറത്താകും.
പ്രീ ക്വാർട്ടർ മുതൽ മുൻരീതിയിൽ ഹോം ആൻഡ് എവേ രീതിയിൽ നോക്കൗട്ട് മത്സരങ്ങൾ നടക്കും. എട്ടുടീമുകൾ ക്വാർട്ടറിൽ, നാലുടീമുകൾ സെമിയിൽ, രണ്ടുടീമുകൾ ഫൈനലിൽ.