ഓപ്പൺ സഞ്ജു സ്റ്റൈൽ !

Friday 29 August 2025 12:11 AM IST

കെ.സി.എല്ലിൽ കൊച്ചി ബ്ളൂ ടൈഗേഴ്സിനായി ഓപ്പണറായി ഇറങ്ങിയ മൂന്നാം മത്സരത്തിലും തകർത്തടിച്ച് സഞ്ജു സാംസൺ. ഇന്നലെ ട്രിവാൻഡ്രം റോയൽസിനെതിരെ 62 റൺസാണ് സഞ്ജു നേടിയത്. കഴിഞ്ഞദിവസം കാലിക്കറ്റിനെതിരെ നടന്ന മത്സരത്തിൽ സഞ്ജു കളിച്ചിരുന്നില്ല. അതിനുമുമ്പ് തൃശൂർ ടൈറ്റാൻസിനെതിരെ ഓപ്പണറായി ഇറങ്ങി 89 റൺസും ഏരീസ് കൊല്ലത്തിനെതിരെ 51 പന്തുകളിൽ 121 റൺസുമാണ് സഞ്ജു നേടിയത്. റോയൽസിനെതിരായ ആദ്യ മത്സരത്തിൽ സഞ്ജുവിന് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നിരുന്നില്ല. ആലപ്പി റിപ്പിൾസിനെതിരായ രണ്ടാം മത്സരത്തിൽ സഞ്ജു ആറാമനായിറങ്ങി 13 റൺസിന് പുറത്താവുകയായിരുന്നു.

272

റൺസാണ് ഓപ്പണിംഗ് പൊസിഷനിലിറങ്ങിയ മൂന്ന് മത്സരങ്ങളിൽ നിന്ന് സഞ്ജു അടിച്ചുകൂട്ടിയത്.

21

സിക്സുകൾ ഓപ്പണറായി പറത്തി. ഇന്നലെ റോയൽസിനെതിരെ അഞ്ച് സിക്സുകൾ. ടൈറ്റാൻസിനെതിരെ ഒൻപത് സിക്സുകൾ, കൊല്ലത്തിനെതിരെ ഏഴ് സിക്സുകൾ എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ 'ആറി"ന്റെ പട്ടിക.

22

നാല് ഇന്നിംഗ്സുകളിൽ നിന്ന് 22 ഫോറുകളും സഞ്ജു പായിച്ചു.

285

റൺസ് നേടിയ സഞ്ജു ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

ഏഷ്യാകപ്പിൽ ഓപ്പണറാക്കുമോ ?

അടുത്തമാസം നടക്കുന്ന ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിലുള്ള സഞ്ജുവിനെ അഭിഷേക് ശർമ്മയ്ക്ക് ഒപ്പം ഓപ്പണറാക്കുമോ എന്നാണ് അറിയേണ്ടത്. ശുഭ്മാൻ ഗിൽ ട്വന്റി-20 ടീമിലേക്ക് തിരിച്ചെത്തുന്നതാണ് സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനത്തിന് ഭീഷണി. തിലക് വർമ്മയും സൂര്യകുമാറും ഹാർദിക് പാണ്ഡ്യയും ഉള്ളതിനാൽ സഞ്ജുവിനെ ആറാം നമ്പരിലാകും കളിപ്പിക്കുക എന്നും കേൾക്കുന്നുണ്ട്.

ഇന്നത്തെ മത്സരങ്ങൾ

തൃശൂർ Vs കൊല്ലം

2,30 pm മുതൽ

കാലിക്കറ്റ് Vs ആലപ്പി

6.45 pm മുതൽ