വീണ്ടും സഞ്ജു, വീണ്ടും കൊച്ചി

Friday 29 August 2025 12:12 AM IST

ട്രിവാൻഡ്രം റോയൽസിനെ 9 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ളൂ ടൈഗേഴ്സ്

കൊച്ചി 191/5

ട്രിവാൻഡ്രം 182/6

സഞ്ജു 37 പന്തിൽ 62, പ്ലേയർ ഒഫ് ദ മാച്ച്

റോയൽസിനായി സഞ്ജീവിന്റെ (46 പന്തിൽ 70) പോരാട്ടം പാഴായി

തിരുവനന്തപുരം : ഒരു മത്സരത്തിൽ വിട്ടുനിന്ന സൂപ്പർ താരം സഞ്ജു സാംസൺ അർദ്ധസെഞ്ച്വറിയുമായി (37 പന്തിൽ 62) തിരിച്ചെത്തിയതോടെ കൊച്ചി ബ്ളൂ ടൈഗേഴ്സ് വീണ്ടും വിജയവഴിയിൽ . ഇന്നലെ ഒൻപത് റൺസിന് ട്രിവാൻഡ്രം റോയൽസിനെയാണ് കൊച്ചി കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 191/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ട്രിവാൻഡ്രത്തിന് നിശ്ചിത 20 ഓവറിൽ 182/6 എന്ന സ്കോറിലേ എത്താനായുള്ളൂ. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് കൊച്ചി ട്രിവാൻഡ്രത്തെ തോൽപ്പിക്കുന്നത്. ആദ്യദിനം എട്ടുവിക്കറ്റിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും വിജയം.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊച്ചി ടീം സഞ്ജുവിന്റേയും വിനൂപ് മനോഹരന്റേയും (42), നിഖിൽ തോട്ടത്തിലിന്റേയും (45*), ജോബിൻ ജോബിയുടേയും (26) പോരാട്ടമികവിലാണ് 191ലെത്തിയത്. സഞ്ജുവും വിനൂപും ചേർന്ന് 7.3 ഓവറിൽ 68 റൺസാണ് ഓപ്പണിംഗിൽ കൂട്ടിച്ചേർത്തത്. 26 പന്തിൽ ഒൻപത് ബൗണ്ടറികൾ പായിച്ച വിനൂപിനെ എൽ.ബിയിൽ കുരുക്കി അബ്ദുൽ ബാസിത്താണ് സഖ്യം പൊളിച്ചത്. പകരമിറങ്ങിയ നായകൻ സലി സാംസണെ(9) അടുത്ത ഓവറിൽ അഭിജിത് പ്രവീൺ പുറത്താക്കി. തുടർന്ന് നിഖിലിനെക്കൂട്ടി സഞ്ജു പോരാട്ടം തുടർന്നു. 15-ാം ഓവറിൽ ടീം സ്കോർ 127ൽ നിൽക്കവേ അഭിജിത്ത് പ്രവീണാണ് സഞ്ജുവിനെ പുറത്താക്കിയത്.സഞ്ജീവിനായിരുന്നു ക്യാച്ച്. ഇതേോവറിൽ ആൽഫിയും (0) അഭിജിത്തിന് ഇരയായി.തുടർന്ന് നിഖിലും ജോബിനും ചേർന്ന് 19 ഓവറിൽ 183ലെത്തിച്ചു. ജോബിനെ ആസിഫ് സലാം പുറത്താക്കി. നാലോവറിൽ 39 റൺസ് വഴങ്ങിയാണ് അഭിജിത്ത് പ്രവീൺ മൂന്ന് വിക്കറ്റ് നേടിയത്.

മറുപടിക്കിറങ്ങിയ റോയൽസിന്റെ ഗോവിന്ദ് ദേവ് പൈയെ(0)ആദ്യ ഓവറിൽ സലിസാംസൺ ആഷിക്കിന്റെ കയ്യിലെത്തിച്ചു.അടുത്ത ഓവറിൽ റിയ ബഷീറിനെ ജോബിനും ഡക്കാക്കിയതോടെ റോയൽസ് 2/2 എന്ന നിലയിലായി. തുടർന്ന് ക്രീസിലൊരുമിച്ച ക്യാപ്ടൻ കൃഷ്ണപ്രസാദും (36),സഞ്ജീവും (70) നടത്തിയ പോരാട്ടം പ്രത്യാശ പകർന്നു.എന്നാൽ പത്താം ഓവറിൽ കൃഷ്ണപ്രസാദിനെ ആഷിക്കിന്റെ കയ്യിലെത്തിച്ച് ജെറിൻ 74 റൺസിന്റെ കൂട്ടുകെട്ട് പൊളിച്ചു. തുടർന്നിറങ്ങിയ ബാസിത്തും (41) സഞ്ജീവും ചേർന്ന് 75 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 17-ാം ഓവറിൽ സഞ്ജീവിനെ മടക്കിഅയച്ച ആഷിഖ് കളി വീണ്ടും കൊച്ചിയുടെ കയ്യിലെത്തിച്ചു.