25 സെന്റ് വരെ സൗജന്യം

Friday 29 August 2025 2:31 AM IST

തിരുവനന്തപുരം: വസ്തു തരംമാറ്രത്തിന് ഒരു അപേക്ഷകൻ വ്യത്യസ്ഥ ഭൂമികൾക്കായി പല അപേക്ഷകൾ സമർപ്പിച്ചാലും ആകെ 25 സെന്റ് വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിക്കു മാത്രമെ സൗജന്യ തരംമാറ്റം അനുവദിക്കൂ. അപേക്ഷകന്റെയും കുടുംബത്തിന്റെയും (ഭാര്യ, ഭർത്താവ്, മക്കൾ) പേരിലുള്ളതുൾപ്പെടെ 25 സെന്റിൽ അധികം ഭൂമിയുണ്ടെങ്കിലും അപേക്ഷകന്റെ ഭൂമി മാത്രം പരിഗണിച്ചാവും തീരുമാനമെടുക്കുക.

അപേക്ഷകളിൽ 2008ലെ ഭൂസ്ഥിതി പരശോധിച്ച് ഉറപ്പുവരുത്തുന്നതിന് നേരിൽ സ്ഥല പരിശോധന നടത്തിയും ഗൂഗിൾ കോ ഓർഡിനേറ്ര് പരിശോധിച്ചും ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാം. വസ്തു തരംമാറ്റത്തിന് അനുമതി ലഭിച്ചശേഷം ഭൂമിയുടെ വിസ്തൃതിക്ക് അനുസൃതമായി ഭൂനികുതി നിശ്ചിയിക്കാൻ സബ് ഡിവിഷൻ ആവശ്യമില്ലാത്ത ഫോം 6 അപേക്ഷകളിൽ ഭൂരേഖ തഹസീൽദാർക്ക് സർവെ നടപടികൾ ഒഴിവാക്കി ഭൂനികുതി ഉത്തരവ് പുറപ്പെടുവിക്കാം. എന്നാൽ സബ്ഡിവിഷൻ ആവശ്യമുള്ള അപേക്ഷകളിലും ഫോം7 അപേക്ഷകളിലും സർവെ നടപടികൾ ഒഴിവാക്കാനാവില്ല.

 തരംമാറ്റത്തിനുള്ള നിരക്ക്

 25 സെന്റ് വരെ സൗജന്യം (2017 ഡിസംബർ 30ന് മുമ്പ് ആധാരം നടത്തിയ സ്ഥലമായിരിക്കണം)

 25 സെന്റിന് മുകളിൽ ഒരു ഏക്കർ വരെ- ഭൂമിയുടെ ന്യായവിലയുടെ 10 ശതമാനം

 ഒരു ഏക്കറിന് മുകളിൽ- ന്യായവിലയുടെ 20 ശതമാനം