കശുഅണ്ടി മേഖലയിലെ തുണ്ട് തൊഴിലാളികൾ ബോണസ് ആശങ്കയിൽ
കൊല്ലം: സ്വകാര്യ കശുഅണ്ടി ഫാക്ടറികളിൽ യാതൊരു തൊഴിൽ രേഖകളുമില്ലാതെ പണിയെടുക്കുന്ന തുണ്ട് തൊഴിലാളികൾ (താത്കാലികക്കാർ) ഓണം ബോണസിന്റെ കാര്യത്തിൽ ആശങ്കയിലാണ്. ബോണസ് നൽകാതിരിക്കാൻ പല ഫാക്ടറികളിലും ഇവർക്ക് രണ്ടാഴ്ചയായി തൊഴിൽ നൽകുന്നില്ല.
കാഷ്യു കോർപ്പറേഷൻ, കാപെക്സ് ഫാക്ടറികൾക്ക് പുറമേ ജില്ലയിൽ 50ൽ താഴെ സ്വകാര്യ ഫാക്ടറികളുണ്ട്. ചുരുക്കം സ്വകാര്യ ഫാക്ടറികളിൽ മാത്രമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് നൽകുന്നത്. സർക്കാർ നിശ്ചയിച്ച കൂലി നൽകാതിരിക്കുന്നതിനൊപ്പം ഇ.എസ്.ഐ, പി.എഫ് വിഹിതം ലാഭിക്കാൻ കൂടിയാണ് മുതലാളിമാർ തുണ്ട് തൊഴിലാളികളെ നിയോഗിക്കുന്നത്. ഇതിൽ വലിയൊരു വിഭാഗവും കാഷ്യു കോർപ്പറേഷൻ, കാപെക്സ് ഫാക്ടറികളിൽ നിന്നു വിരമിച്ചവരാണ്. തൊഴിൽ രേഖകളില്ലാത്തതിനാൽ ഐ.ആർ.സി നിശ്ചയിക്കുന്ന ബോണസ് ഇവർക്ക് നൽകില്ല. കൂലി കണക്കാക്കാനായി മേശരിമാർ എഴുതി നൽകുന്ന തുണ്ട് കടലാസ് മാത്രമാണ് ഇവരുടെ കൈയിൽ ആകെയുള്ള തൊഴിൽ രേഖ. തൊഴിലാളി യൂണിയനുകളും ഇവർക്ക് വേണ്ടി മിണ്ടാറില്ല.
കാഷ്യു ഐ.ആർ.സി ഇന്ന്
പൊതുമേഖല, സ്വകാര്യ ഫാക്ടറികളിലെ കശുഅണ്ടി തൊഴിലാളികളുടെ ബോണസ് നിശ്ചയിക്കാനുള്ള ഐ.ആർ.സി യോഗം ഇന്ന് വീണ്ടും ചേരും. തൊഴിലാളികൾക്ക് പതിനൊന്നായിരം രൂപയും ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളവുമാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. കഴിഞ്ഞയാഴ്ച ചേർന്ന യോഗം തർക്കിച്ച് പിരിഞ്ഞു.
ജില്ലയിൽ രണ്ടായിരത്തോളം തുണ്ട് തൊഴിലാളികൾ കൂടുതൽ പേർ വാടക ഫാക്ടറികളിൽ വലിയൊരു വിഭാഗം പ്രായമേറിയവർ
ഏതാനും ദിവസമായി ജോലിയും നൽകുന്നില്ല