ഹൃദയപൂർവ്വം സിനിമയിലെ ഏറ്റവും വലിയ പ്രത്യേകത അതാണ്,​ തുറന്നു പറഞ്ഞ് സത്യൻ അന്തിക്കാട്

Friday 29 August 2025 3:26 AM IST

മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിച്ചാൽ ആ സിനിമ സൂപ്പർഹിറ്റായിരിക്കും എന്ന് മലയാളികൾക്ക് ഉറപ്പാണ് . ആ വിശ്വാസം ശരിയെന്ന് തെളിയിക്കുകയാണ് ഓണം റിലീസായി ഇന്നലെ എത്തിയ മോഹൻലാൽ ചിത്രം ഹൃദയപൂർവം. തിയേറ്ററുകളിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മോഹൻലാലിന്റെ തുടർച്ചയായ മൂന്നാമത്തെ ഹിറ്റ് എന്നാണ് ചിത്രത്തെ ആദ്യ ദിവസം തന്നെ വിശേഷിപ്പിക്കുന്നത്.

ഇപ്പോഴിതാ ഹൃദയപൂർവ്വം സിനിമയുടെ ഒരു പ്രത്യേകതയെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.. കൗമുദി ടിവിയുടെ സ്ട്രെയ്റ്റ് ലൈൻ പരിപാടിയിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യം പറഞ്ഞത്.. ഹൃദയപൂർവം സിനിമയ്ക്ക് പേരിട്ടത് മോഹൻലാൽ ആണെന്നാണ് സംവിധായകൻ വെളിപ്പെടുത്തിയത്. അമാനുഷികനല്ലാത്ത സാധാരണക്കാരനായ ഒരാളുടെ കഥ എന്നാണ് മോഹൻലാലിനോട് പറഞ്ഞിരുന്നത്. ഒരവാർഡ് നൈറ്റിൽ മോഹൻലാലും ഞാനും ഉണ്ടായിരുന്നു. അവിടെ വച്ച് എന്താണ് കഥ എന്ന് മോഹൻലാൽ ചോദിച്ചു. . ആ കാരക്ടറിനെ കുറിച്ചും രൂപവും പറഞ്ഞു കൊടുത്തു. കുറച്ചു കഴിഞ്ഞ് മോഹൻലാൽ തോളിൽ കൈയിട്ട് എന്റെ ചെവിയിൽ പറഞ്ഞു. നമുക്ക് ഇതിന് ഹൃദയപൂർവം എന്ന് പേരിട്ടാലോ എന്ന്. ആ ടൈറ്റിൽ എഴുതിയതും മോഹൻലാൽ ആണെന്ന് സത്യൻ അന്തിക്കാട് പറയുന്നു.