ലോകവിപണികളിൽ പോലും പ്രശസ്തം,​ ഒന്നിന് വില 3000 രൂപ വരെ,​ പരമ്പരാഗത വ്യവസായം നിലനിൽക്കാൻ വേണ്ടത്

Friday 29 August 2025 4:11 AM IST

കൊല്ലം: കൈതോല ക്ഷാമവും പുതുതലമുറയുടെ വിമുഖതയും കൂലിക്കുറവും പരമ്പരാഗത വ്യവസായമായ തഴപ്പായ നിർമ്മാണത്തെ കാലഹരണപ്പെടുത്തുന്നു. പായ നിർമ്മാണം കുലത്തൊഴിലായി ചെയ്തിരുന്നവർ മറ്റ് മേഖലകളിലേക്ക് ചേക്കേറിയിരിക്കുകയാണ്.

കൈതോല അറുത്തെടുത്ത് മുള്ളുകൾ നീക്കി പുഴുങ്ങി ഉണക്കിയാണ് തഴ ഒരുക്കുന്നത്. ഇവ കാലങ്ങളോളം സൂക്ഷിക്കാനും ആവശ്യാനുസരണം പായകൾ നെയ്തെടുക്കാനും സാധിക്കും. മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന തഴപ്പായ ഇന്ന് അപൂർവം വീടുകളിൽ മാത്രമേയുള്ളൂ. കടകളിൽ വില്പനയ്ക്ക് തഴയുടെ കരകൗശല വസ്തുക്കളും മെത്തപ്പായയും എത്താറുണ്ടെങ്കിലും പഴയതുപോലെ ആവശ്യക്കാരെത്താറില്ലെന്ന് വ്യാപാരികൾ പറയുന്നു.

ഈടുറ്റതും ഗുണനിലവാരം കൂടിയതും എന്നാൽ വില കുറഞ്ഞതുമായ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ കടന്നുവരവാണ് തിരിച്ചടിയായത്. പ്രാദേശികമായി തഴ ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾക്ക് ഡിമാൻഡ് ഇല്ലാതായതോടെ ഫെസ്റ്റുകളിലും മറ്റും വിദേശികളുടെ ശ്രദ്ധ നേടുന്ന രീതിയിൽ തഴ ഉപയോഗിച്ചുള്ള വിവിധ ഇനങ്ങൾ പ്രദർശിപ്പിക്കാറുണ്ട്.

പണ്ട് കേരളത്തിൽ തഴപ്പായയുടെ ഈറ്റില്ലമായിരുന്നു കൊല്ലം ജില്ലയിലെ തഴവ, കുതിരപ്പന്തി പ്രദേശങ്ങൾ. തഴപ്പായ നിർമ്മാണത്തിലൂടെയാണ് തഴവ എന്ന പേര് വന്നതെന്നും ഐതീഹ്യമുണ്ട്. തഴവയിലെ മെത്തപ്പായ ലോക വിപണികളിൽ പോലും പ്രശസ്തമാണ്.

ആവശ്യക്കാർ കുറഞ്ഞു

 തഴവയിൽ പായ നിർമ്മാണം ചെറിയതോതിൽ

 എപ്പോൾ വേണമെങ്കിലും നിലയ്ക്കാവുന്ന അവസ്ഥ

 കൈതോല ലഭ്യതയും കുറഞ്ഞുതുടങ്ങി

 പായ നെയ്യാൻ പ്രാവീണ്യം ഉള്ളവരും കുറവ്

 ആവശ്യക്കാർ ഇല്ലാതായി

 മെത്തപ്പായ ഈടുനിൽക്കുന്നത്

വില നേരത്തെ

₹ 100-250

ഇപ്പോൾ

₹ 800-1000

മെത്തപ്പായ

₹ 2000-3000

ഒരുകാലത്ത് സജീവമായിരുന്ന പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കാൻ കയർ മാതൃകയിൽ തഴപ്പായ നെയ്ത്ത് യന്ത്രവത്കരിക്കുകയും കൈതോല കൃഷി വ്യാപനത്തിന് സർക്കാർ സബ്‌സിഡി നൽകുകയും വേണം.

നാട്ടുകാർ