മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരീപുത്രിയും ഭർത്താവും മരിച്ച സംഭവം; ഭാര്യയെ കൊലപ്പെടുത്തി പ്രേമരാജൻ ആത്മഹത്യ ചെയ്തതെന്ന് സംശയം

Friday 29 August 2025 7:06 AM IST

കണ്ണൂർ: വൃദ്ധ ദമ്പതികളെ പൊളളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അലവിൽ സ്വദേശികളായ പ്രേമരാജൻ (75), ഭാര്യ എകെ ശ്രീലേഖ (69) എന്നിവരാണ് മരിച്ചത്. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നി​ഗമനം. ഇന്നലെ വൈകുന്നേരത്തോടെയാണ് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിലുളള മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ മക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്.

വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾക്കടുത്തു നിന്ന് ചുറ്റികയും ഭാരമുള്ള വസ്തുവും കണ്ടെത്തിയത്. ശ്രീലേഖയുടെ തലയ്ക്ക് പിറകിൽ മുറിവുളളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അടിയേറ്റ് വീണപ്പോൾ ഉണ്ടായതാകാമെന്നാണ് പൊലീസ് കരുതുന്നത്.

മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരീപുത്രിയാണ് ശ്രീലേഖ. ഇന്നലെ തന്നെ ദമ്പതികളുടെ മകൾ വിദേശത്ത് നിന്ന് എത്തിയിരുന്നു. അതേസമയം, ഇരുവർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മറ്റുതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളാണോ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുകയാണ്.

ഇവരുടെ മകനെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവരാൻ എത്തിയതായിരുന്നുവെന്ന് പ്രേമരാജന്റെ ഡ്രൈവർ സരോഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മൃതദേഹത്തിന് സമീപം ചുറ്റികയും ബോട്ടിലും ഉണ്ടായിരുന്നു. പ്രേമരാജന്റെ മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടിയ നിലയിലും മുറിയിൽ രക്തവും കണ്ടെന്നും ഡ്രൈവർ പറഞ്ഞു.