പലരും മടിക്കുന്ന കൃഷി, ഒരു മാസം കൊണ്ട് കായ്‌ക്കും, ആവശ്യക്കാരും ഏറെ; ഇതിലൂടെ പോക്കറ്റ് നിറയ്ക്കാം

Friday 29 August 2025 11:58 AM IST

വടക്കഞ്ചേരി: ആവശ്യക്കാർ ഏറെയുണ്ടെങ്കിലും സ്‌നോവൈറ്റ് വെള്ളരി കൃഷി ചെയ്യുന്നവർ കുറവാണ്. എല്ലാവരും ഒന്ന് മടിക്കുന്ന കൃഷിയിൽ നൂറുമേനി വിജയം കൊയ്തിരിക്കുകയാണ് കണക്കൻതുരുത്തി കൊച്ചുപറമ്പിൽ തോമസ്. വിപണിയിൽ ആവശ്യക്കാർ കൂടുതലുണ്ട് സ്‌നോവൈറ്റ് കുക്കുംബറിന്.

വീടിനുപിറകിൽ സമ്മിശ്ര വിളകളുള്ള കൃഷിയിടത്തിൽ അഞ്ച് സെന്റ് സ്ഥലത്താണ് തോമസിന്റെ കുക്കുംബർ കൃഷി. പന്തലൊരുക്കി നല്ല രീതിയിൽ പരിചരണം. വള്ളികൾ പടർന്ന് കാടുമൂടിയ പന്തലിൽ നിറയെ കായ്കൾ തൂങ്ങിക്കിടക്കുന്നു. വള്ളികളിലെ എല്ലാ മുട്ടിലുമുണ്ട് കായ്കൾ.

ജൈവരീതിയിലുള്ള കൃഷിയായതിനാൽ വിൽപ്നക്കും പ്രയാസമില്ലെന്നു കണക്കൻതുരുത്തി റബർ ഉത്പാദക സംഘം പ്രസിഡന്റുകൂടിയായ തോമസ് പറഞ്ഞു. ആവശ്യക്കാരുടെ വിളികളാണ് എപ്പോഴും. ഓണം അടുത്തതോടെ ആവശ്യക്കാരുടെ വരവ് ഇനിയും കൂടുമെന്നു തോമസ് പറയുന്നു.

കൃഷിഭവന്റെ മേൽനോട്ടവും നിർദേശങ്ങളും കൃഷിക്കുണ്ട്. സ്‌നോ വൈറ്റ് വെള്ളരി കൃഷി വടക്കഞ്ചേരി മേഖലയിൽ അപൂർവമാണെന്ന് വടക്കഞ്ചേരി കൃഷി ഓഫീസർ ജ്യോതി പറഞ്ഞു. പെട്ടെന്നുവളരുന്ന വള്ളികൾ എന്ന നിലയിൽ ചെടിക്ക് ഒരു മാസമാകുമ്പോഴേക്കും പൂവിട്ട് കായ്കളാകാൻ തുടങ്ങി.

ഒന്നരമാസത്തോടെ കായ്കൾ നിറഞ്ഞു. വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി, കോഴിവളം, എല്ലുപൊടി തുടങ്ങിയവയാണ് അടിവളമായി നൽകിയത്. മഴയില്ലെങ്കിൽ രണ്ടുനേരം നന വേണം. ഏതു കാലാവസ്ഥയിലും കുക്കുംബർ കൃഷി ചെയ്യാമെന്ന് തോമസ് പറയുന്നു.

ഒരുകൃഷിയിലെ വിളവെടുപ്പ് തീരുംമുമ്പേ ഇതിനടുത്തു തന്നെ പുതിയ തൈ വച്ച് വളർത്തുന്നുണ്ട്. ഇതിനാൽ എല്ലാ കാലത്തും കുക്കുംബർ വില്പനക്കുണ്ടാകും. കൃഷിക്കുള്ള സ്ഥലം ഇല്ലാത്തവർക്ക് പോലും കുക്കുംബർ കൃഷി ചെയ്യാനാകും. നല്ല വെയിൽ കിട്ടുന്ന സ്ഥലമാണെങ്കിൽ വീട്ടുമതിലിനോടു ചേർന്ന് കയർകൊണ്ട് വേലിപന്തൽകെട്ടി കുക്കുംബർ കൃഷി ചെയ്യാം. ചട്ടികളിലും ഗ്രൊബാഗിലും തൈനട്ട് കൃഷി നടത്താം. ഹൈബ്രിഡ് ഇനമാണെങ്കിൽ കായ്കൾ തിങ്ങി നിറയും. .