നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല, കുടുംബത്തിന്റെ ഹർജി കോടതി തളളി

Friday 29 August 2025 12:42 PM IST

കണ്ണൂ‌ർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തളളി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി കണ്ണൂർ ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തളളിയത്. കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാ​റ്റുമെന്നും വിവരമുണ്ട്. ഹർജിയിൽ ഇരുഭാഗത്തിന്റെയും വിശദമായ വാദം കോടതി നേരത്തെ കേട്ടിരുന്നു. അതിൽ തീരുമാനം പറയാനാണ് ഇന്നത്തേക്ക് മാ​റ്റിയിരുന്നത്.

അന്വേഷണ സംഘം ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ല, പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയത്, രാഷ്ട്രീയമായി പ്രതിക്ക് അനുകൂലമായ കാര്യങ്ങൾ വരുത്തി തീർത്തു, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് ആദ്യം മുതൽക്കേ അന്വേഷണം നടത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രധാനമായും അന്വേഷണ സംഘത്തിന്റെ 13 പിഴവുകളായിരുന്നു ഹർജിയിലുണ്ടായിരുന്നത്.