ഓണക്കാലത്ത് വീട് പൂട്ടി യാത്രപോകാൻ പ്ലാനുണ്ടോ? എന്നാൽ ഒരു കാര്യം മറക്കരുതെന്ന് പൊലീസ്

Friday 29 August 2025 12:55 PM IST

തിരുവനന്തപുരം: ഓണക്കാല അവധി ആഘോഷിക്കാൻ വീട് പൂട്ടി യാത്രപോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു മുന്നറിയിപ്പ്. വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം അറിയിക്കണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനായി പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House Information' സൗകര്യം വിനിയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിലൂടെ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുമെന്നും പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും അറിയിച്ചു. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

ഓണക്കാല അവധി ദിവസങ്ങൾ ആഘോഷിക്കാൻ വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം ഞങ്ങളെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House Information'' സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.