കേരളത്തോട് വേണ്ട തമിഴന്റെ കളി, ഓണക്കാലത്ത് മലയാളികളുടെ പണം കൈക്കലാക്കാനുള്ള തന്ത്രങ്ങൾ അടപടലം പൊളിച്ചടുക്കി
കോട്ടയം: ഓണത്തിന് ഒഴിച്ചുകൂട്ടാനാവാത്തെ ഉപ്പേരി സാധാരണക്കാർക്ക് അപ്രാപ്യമാകുമെന്ന് കരുതിയെങ്കിലും റെക്കാഡിലേക്ക് കുതിച്ചുയർന്ന വെളിച്ചണ്ണ,ഏത്തക്ക വില താണു തുടങ്ങിയത് ആശ്വാസമായി. കിലോയ്ക്ക് 500 രൂപ കടന്ന ബ്രാൻഡഡ് വെളിച്ചെണ്ണ വില 400- 450ന് താഴെയെത്തി. ലൂസ് വെളിച്ചെണ്ണയുടെ വില 400ൽ താഴെയുമായി. 100വരെ ഉയർന്ന ഏത്തക്ക വില 50-60ലേക്ക് താഴ്ന്നു. എന്നാൽ ഉപ്പേരി വിൽപ്പനക്കാർ കിലോക്ക് 500 രൂപ വരെ ഉയർത്തിയത് താഴ്ത്തിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലാണ് വെളിച്ചെണ്ണയുടേയും ഏത്തയ്‌ക്കയുടേയും വില താഴാൻ കാരണം. തേങ്ങയുടെ കുറവും കൊപ്ര ക്ഷാമവും കാരണം ഉയർന്ന വെളിച്ചെണ്ണ വില സർക്കാർ സപ്ലൈക്കോ ഔട്ട്‌ലെറ്റിലൂടെയും ഓണച്ചന്തയിലൂടെയും പായ്ക്കറ്റ് വെളിച്ചെണ്ണ 340 രൂപക്ക് എത്തിച്ചാണ് പൊളിച്ചത്. കേര വെളിച്ചെണ്ണ വിലയും കുറച്ചു.
കഴിഞ്ഞ ഓണക്കാലത്ത് ഏത്തക്കാ വില കിലോക്ക് 80-100 രൂപയിൽ എത്തിയിരുന്നു. തോരാ മഴയും കാറ്റും കാരണം വാഴ നശിച്ചതോടെ നാടൻ കാവില ഉയരുമെന്ന് കരുതിയെങ്കിലും വയനാട്ടിൽ നിന്നുൾപ്പെടെ കിലോയ്ക്ക് 50 രൂപക്ക് ലഭിച്ചതോടെ നാടൻ ഏത്തക്കുല വിലയും ഇടിഞ്ഞു. ഇതിലും സർക്കാരിന്റെ ഇടപെടൽ നിർണായകമായി.
തമിഴ് നാട് ലോബിയെ സർക്കാർ പൊളിച്ചത് ഇങ്ങനെ
1.ഓണക്കാലത്തേക്കായി കൊപ്ര പൂഴ്ത്തിവച്ച് വെളിച്ചെണ്ണ വില കൂട്ടാൻ തമിഴ്നാട് ലോബി കാത്തിരിക്കുകയായിരുന്നു. പൊതു വിപണിയിൽ സർക്കാർ ഇടപെടൽ ശക്തമായതോടെ വെളിച്ചെണ്ണ വില കുറഞ്ഞതോടെ പൂഴ്ത്തിവച്ച കൊപ്ര ഇറക്കാൻ തമിഴ് നാട് ലോബി നിർബന്ധിതമായി.ഇതോടെയാണ് ഓണക്കാലത്ത് വില താഴ്ന്നു തുടങ്ങിയത്.
2.വെളിച്ചെണ്ണ വില ഉയർന്നതോടെ തമിഴ്നാട്ടിൽ നിന്ന് പല പേരുകളിൽ വ്യാജ വെളിച്ചെണ്ണ വൻതോതിൽ കേരളത്തിലെത്തി. സർക്കാർ പരിശോധന ശക്തമാക്കി റെയ്ഡിലൂടെ വ്യാജൻ പിടികൂടി കേസെടുത്തു തുടങ്ങിയതോടെ ഓണക്കാലത്ത് വ്യാജവെളിച്ചെണ്ണ വിൽപ്പനയിലൂടെ വൻ ലാഭം കൊയ്യാനിരുന്ന തമിഴ്നാട് ലോബിയുടെ കളി പൊളിച്ചടുക്കിയത്.
3.സപ്ലൈക്കോഓണം ഫെയറിന് പുറമേ സഞ്ചരിക്കുന്ന ഓണച്ചന്തയും ക്ലിക്കായി. ഓണത്തിന് ഒരു മുറം പച്ചക്കറിയെന്ന കൃഷി വകുപ്പ് പദ്ധതിയിലൂടെ കോട്ടയത്ത് 2000 ഹെക്ടറിൽ പല ഇനം പച്ചക്കറി കൃഷി ഇറക്കിയിരുന്നു. നാടൻ പച്ചക്കറി ഉത്പാദനം വർദ്ധിച്ചതോടെ 30 ശതമാനം വിലക്കുറവിൽ കൃഷി വകുപ്പ് 151 ഓണച്ചന്തകളാണ് തുറന്നത്. തമിഴ്നാട്ടിൽ നിന്നുള്ളവിഷംകലർന്ന പച്ചക്കറി വിൽപ്പന കുറക്കാനും ഇത് സഹായകമായി.