സി കൃഷ്ണകുമാർ തിരഞ്ഞെടുപ്പുകളിൽ നുണപറഞ്ഞു, കോടതിയെ സമീപിക്കുമെന്ന് സന്ദീപ് വാര്യർ

Friday 29 August 2025 3:07 PM IST

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പുതിയ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ തുടർച്ചയായി നുണപറഞ്ഞു എന്നാണ് ആരോപണം.

മത്സരിച്ച അഞ്ച് തിഞ്ഞെടുപ്പുകളിലും ജിഎസ്‌ടിയുമായി ബന്ധപ്പെട്ട് ബാദ്ധ്യതകളില്ലെന്നാണ് പറഞ്ഞിരുന്നത്. കമ്പനികളുമായി കരാർ ഇല്ലെന്നും അഫിഡവിറ്റ് നൽകി. കമ്പനികളിൽ ഷെയർ ഇല്ലെന്നും പറഞ്ഞു. എന്നാൽ കൃഷ്ണകുമാറിന്റെ കമ്പനിക്ക് ജിഎസ്‌ടി അടയ്ക്കാൻ ഉണ്ടെന്ന് ജിഎസ്‌ടി വകുപ്പ് കത്തു നൽകിയെന്നും സന്ദീപ് വാര്യർ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന് സി കൃഷ്ണകുമാറിനെതിരെ മാത്രമല്ല മറ്റൊരു സംസ്ഥാന നേതാവിനെതിരെയും സമാന പരാതി ലഭിച്ചിട്ടുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു.

കൃഷ്ണകുമാറിന് ഓഹരിയുള്ള കമ്പനിയ്ക്ക് ജിഎസ്‌ടിയുമായി ബന്ധപ്പെട്ട് ബാദ്ധ്യതയില്ലെന്നത് തെറ്റാണ്. നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് തിരഞ്ഞെടുപ്പുകമ്മീഷൻ കൂട്ടുനിന്നതാണോ? ഇക്കാര്യത്തിൽ താൻ കോടതിയെ സമീപിക്കുമെന്നും സന്ദീപ് വാര്യർ അറിയിച്ചു.

കഴിഞ്ഞദിവസം സി കൃഷ്ണകുമാറിനെതിരായ പീഡനാരോപണത്തിൽ പ്രതികരണവുമായി പരാതിക്കാരി രംഗത്തെത്തിയിരുന്നു. സ്ത്രീ സുരക്ഷയെക്കുറിച്ച് പറയാൻ കൃഷ്ണകുമാറിന് എന്ത് യോഗ്യതയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന് നൽകിയ പരാതി ചോർത്തിയത് താനല്ലെന്നും യുവതി പറഞ്ഞു. അതേസമയം, കൃഷ്ണകുമാറിനെതിരായ പരാതി ബോംബോ പടക്കമോ ഒന്നുമല്ലെന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള സ്ട്രാറ്റജി മാത്രമാണെന്നുമായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.