മെസി വൈകാതെ വിരമിക്കും, വെനസ്വെലയ്‌ക്കെതിരായ മത്സരം നാട്ടിലെ അവസാന മത്സരമാകുമെന്ന് സൂചന

Friday 29 August 2025 3:33 PM IST

ബ്യൂണസ് ഐറിസ്: ഫുട്‌ബോളിന്റെ സ്വന്തം മിശിഹ അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന. അടുത്തവർഷം കാനഡയിലും മെക്‌സിക്കോയിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് ശേഷമാകും മെസി വിരമിക്കുക. നിലവിൽ എന്ന് വിരമിക്കും എന്ന് 38കാരനായ മെസി വ്യക്തമാക്കിയിട്ടില്ല.

എന്നാൽ അടുത്തയാഴ്‌ച വെനസ്വെലയ്‌ക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരം ദേശീയ തലത്തിൽ ജന്മനാട്ടിലെ തന്റെ അവസാന മത്സരമാകുമെന്ന് മെസി സൂചിപ്പിച്ചുകഴിഞ്ഞു. 'ഇത് എനിക്ക് വളരെ വളരെ പ്രത്യേകതയുള്ള മത്സരമായിരിക്കും. കാരണം ഇത് അവസാന യോഗ്യതാ മത്സരമാണ്.' ബുധനാഴ്‌ച രാത്രിയിൽ മത്സരശേഷം മെസി സൂചിപ്പിച്ചു.

വരുന്ന വ്യാഴാഴ്‌ച ബ്യൂണസ് ഐറിസിലെ മോണ്യുമെന്റൽ സ്റ്റേഡിയത്തിലാണ് വെനസ്വെലയുമായുള്ള അർജന്റീനയുടെ മത്സരം. സൗത്ത് അമേരിക്കൻ ക്വാളിഫയേഴ്‌‌സിൽ അർജന്റീനയുടെ അവസാന മത്സരം സെപ്‌തംബർ ഒൻപതിന് ഇക്വഡോറിലാണ്. 2030 ലോകകപ്പ് ക്വാളിഫയർ മത്സരങ്ങൾ 2027ലാണ് ആരംഭിക്കുക. അപ്പോഴേക്കും മെസിക്ക് 40 വയസാകും. അതിനാൽ ഇതുതന്നെയാകും അദ്ദേഹത്തിന്റെ അവസാന ലോകകപ്പ്.

'വെനസ്വലയുമായുള്ള മത്സരശേഷം കൂടുതൽ മത്സരങ്ങൾ ഉണ്ടാകുമോ എന്ന് എനിക്കറിയില്ല. ഇതൊരു വളരെ പ്രത്യേകതയാർന്ന മത്സരമാണ്. അതുകാണാൻ എന്റെ കുടുംബവും എനിക്കൊപ്പമുണ്ടാകും. ഒപ്പം എന്റെ ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ, എന്റെ സഹോദരങ്ങളും.' മെസിയുടെ പ്രസ്‌താവന വന്നതിന് പിന്നാലെ സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ഭരണസമിതി 'അവസാന നൃത്തം വരുന്നു' എന്ന് സൂചിപ്പിച്ച് മെസിയുടെ ചിത്രമുള്ള സമൂഹമാദ്ധ്യമ പോസ്റ്റ് പങ്കുവച്ചു.

മെസിയുടെ അർജന്റീനയിലെ അവസാന മത്സരമാണ് വരുന്നതെന്ന് പ്രചരിച്ചതോടെ അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) ടിക്കറ്റ് വിൽപ്പന ത്വരിതപ്പെടുത്തി. 100 മുതൽ 500 ഡോളർ വരെയാകും ടിക്കറ്റ് നിരക്ക് എന്നാണ് സൂചന.