ആഗോള അയ്യപ്പസംഗമത്തിന് പിന്തുണ, സർക്കാരിൽ പൂർണ വിശ്വാസമെന്ന് എൻഎസ്എസ്

Friday 29 August 2025 4:12 PM IST

തിരുവനന്തപുരം: അടുത്തമാസം നടക്കുന്ന ആഗാേള അയ്യപ്പസംഗമത്തിന് പിന്തുണയുമായി നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) രംഗത്തെത്തി. അയ്യപ്പസംഗമം നടത്തുന്ന സർക്കാർ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ മുൻപന്തിയിൽ നിൽക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ സംഗീത് കുമാർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. അയ്യപ്പസംഗമം വോട്ടുനേടാനുള്ള രാഷ്ട്രീയ നാടകമാണെന്ന വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് പിന്തുണ പ്രഖ്യാപനവുമായി എൻഎസ്എസ് മുന്നോട്ടുവന്നത്..

സംഗീത് കുമാര്‍ പറഞ്ഞത്

നായർ സർവീസ് സൊസൈറ്റിക്ക് സർക്കാരിൽ പൂർണവിശ്വാസമാണ്. അത് നിലനിറുത്തിക്കൊണ്ടുപോകുന്നതിനും ആഗോള അയ്യപ്പസംഗമം നടത്തുന്നതിനും ഞങ്ങൾക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഇത്തരത്തിലുള്ള ഒരു ആഗോള സംഗമം ശബരിമലയുടെ വികസനത്തിനും ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും വേദിയായി മാറും. എൻഎസ്എസിന്റെ മുഖ്യ അജണ്ട വിശ്വാസ സംരക്ഷണമാണ്. അക്കാര്യത്തിലെല്ലാം സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അതിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊണ്ടുതന്നെയാകും സർക്കാർ മുന്നോട്ടുപോകുകയെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്.

ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അയ്യപ്പസംഘമത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കടുത്ത ഭാഷയിൽ വിമർശിച്ചത്. ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ നാടകമാണെന്നാണ് രാജീവ് ചന്ദ്രശേഖർ വിശേഷിപ്പിച്ചത്. 'അയ്യപ്പസംഗമം രാഷ്ട്രീയമായി കാണരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് ജനങ്ങളെ വിഡ്ഢിയാക്കാനാണ്. രാഷ്ട്രീയ പരിപാടിയല്ലെങ്കിൽ മുഖ്യമന്ത്രിയാണോ സംഗമത്തെക്കുറിച്ച് പറയേണ്ടത്. ദേവസ്വം ബോർഡ് ചെയർമാനല്ലേ? ഹിന്ദുവോട്ട് നേടാൻ തിരഞ്ഞെടുപ്പിന് മുമ്പുനടത്തുന്ന നാടകമാണിത്.

സംഗമത്തിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ചതെന്തിനാണ്. അദ്ദേഹം എന്നാണ് അയ്യപ്പഭക്തനായത്?. ഹിന്ദുക്കൾ വൈറസാണെന്ന് പറഞ്ഞ ഡിഎംകെയിലെ സ്റ്റാലിനും അയ്യപ്പഭക്തരെ ദ്രോഹിച്ച സിപിഎം മുഖ്യമന്ത്രിയും അയ്യപ്പസംഗമത്തിന് എത്തരുത്. മുഖ്യമന്ത്രി നാസ്തികനാണ്. അദ്ദേഹം ആരാധനയെക്കുറിച്ച് പറയുമ്പോൾ ആര് വിശ്വസിക്കും. വിശ്വാസി അല്ലാത്ത മുഖ്യമന്ത്രിയാണോ പരിപാടി നടത്തേണ്ടത്?.മുസ്ലീം സമുദായത്തിന്എതിരെ ആരെങ്കിലും പറഞ്ഞാൽ മുസ്ലീങ്ങൾക്കായുള്ള പരിപാടിയിൽ അവരെ വിളിക്കുമോ?'- എന്നാണ് വാർത്താസമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.