ഡോള‌റിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ട് രൂപ, മൂല്യം 88.29ലേക്ക് താഴ്‌ന്നു

Friday 29 August 2025 5:40 PM IST

രൂപയുടെ മൂല്യം ഡോളറിനെതിരെ റെക്കോഡ് താഴ്‌ചയിൽ. 87.69ൽ വ്യാപാരം ആരംഭിച്ച് 88.29ലേക്കാണ് മൂല്യം ഇടിഞ്ഞത്. 50 ശതമാനം 'ഇടിത്തീരുവ' ഓഗസ്റ്റ് 27ന് നിലവിൽ വന്നതോടെ ഇത് ഇന്ത്യയുടെ കയറ്റുമതി മേഖലയെ ബാധിക്കുമെന്ന ആശങ്കയാണ് റെക്കോഡ് തകർച്ചയ്‌ക്ക് ഇടയാക്കിയത്. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കുറഞ്ഞതും ഇറക്കുമതിക്കാർക്ക് ഡോളറിന് ഏറെ ഡിമാൻഡ് ലഭിച്ചതും രൂപയുടെ തകർച്ചയ്‌ക്ക് കാരണമായി. ഇതോടെ റിസർവ് ബാങ്ക് വിദേശ നാണയ ശേഖരത്തിൽ നിന്ന് ഡോളർ വലിയതോതിൽ വിറ്റഴിച്ച് രക്ഷിച്ചു അങ്ങനെ നഷ്‌ടം 88.12 ആയി കുറച്ചു.

ഇന്നുവരെയുള്ളതിൽ ഏറ്റവും വലിയ തകർച്ച രൂപ നേരിട്ടത് ഫെബ്രുവരി മാസത്തിലായിരുന്നു. 87.95 ആയിരുന്നു അന്ന്. റിസർവ് ബാങ്ക് സഹായമില്ലായിരുന്നെങ്കിൽ ദയനീയമായേനെ ഇന്ന് രൂപയുടെ മൂല്യം. രൂപയുടെ തകർച്ച പ്രവാസികൾക്ക് നേട്ടമുണ്ടാക്കുന്നതാണ്. നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതൽ മൂല്യം ലഭിക്കും എന്നതാണ് ഗുണം. എന്നാൽ വിദേശത്ത് പഠനം നടത്തുന്നവർ, വിദേശയാത്ര ചെയ്യുന്നവർ എന്നിവർക്ക് ഇതിന് കൂടുതൽ തുക നീക്കിവയ്‌ക്കേണ്ടി വരും എന്നത് ദോഷമാണ്.

രൂപയുടെ തകർച്ച ഇന്ത്യയുടെ ഇറക്കുമതിക്ക് തിരിച്ചടിയാണ്. സ്വർണം, ഇലക്‌ട്രോണിക് വസ്‌തുക്കൾ, ക്രൂഡോയിൽ, അസംസ്‌കൃത വസ്‌തുക്കൾ എന്നിവക്കെല്ലാം കൂടുതൽ വില ഇന്ത്യ ഇതോടെ നൽകണം. ഇതുമൂലം രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകും. കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരകമ്മി എന്നിവ വർദ്ധിക്കും. ഇതും സമ്പദ്‌വ്യവസ്ഥയ്‌ക്ക് ദോഷമാണ്.

രാജ്യാന്തര വ്യാപാരത്തിൽ ഇന്ത്യൻ രൂപയ്‌ക്ക് ചൈനീസ് യുവാനുമായി നോക്കുമ്പോൾ പ്രശ്‌നം ബാധിക്കും.യുവാനെതിരെ രൂപയുടെ മൂല്യം 12.33 താഴ്‌ചയിലാണ്. ചൈനീസ് യുവാൻ ഇന്ന് കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്‌തു.