പകുതിയില്‍ അധികം പന്തുകളിലും ബൗണ്ടറി നേടി എംഎസ് അഖില്‍; തൃശൂരിനെ വീഴ്ത്തി കൊല്ലം

Friday 29 August 2025 7:39 PM IST

തിരുവനന്തപുരം: മഴ കാരണം 13 ഓവര്‍ ആക്കി ചുരുക്കിയിട്ടും ആവേശം ചോരാതെ തൃശൂര്‍ - കൊല്ലം പോരാട്ടം. തൃശൂര്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് കൊല്ലം മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ 13 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മഴ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലത്തിന്റെ വിജയലക്ഷ്യം 148 റണ്‍സ് ആയി പുനര്‍നിശ്ചയിക്കുകയായിരുന്നു. 12 പന്തുകളില്‍ നിന്ന് 44 റണ്‍സ് നേടിയ എംഎസ് അഖിലിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് കൊല്ലത്തിന് ജയം അനായാസമാക്കിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലത്തിന്റെ തുടക്കം മെച്ചപ്പെട്ടതായിരുന്നില്ല. ഓപ്പണര്‍മാരായ വിഷ്ണു വിനോദ്(0), അഭിഷേക് നായര്‍(5) എന്നിവര്‍ വേഗം മടങ്ങി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി തകര്‍ത്തടിച്ചതോടെ ടീം കരകയറി. സച്ചിന്‍ 18 പന്തില്‍ നിന്ന് 36 റണ്‍സെടുത്തു. ആഷിഖ് മുഹമ്മദ് ആറുപന്തില്‍ നിന്ന് 13 റണ്‍സും ഷറഫുദ്ദീന്‍ 11 പന്തില്‍ നിന്ന് 23 റണ്‍സുമെടുത്തു. എം.എസ് അഖില്‍ പുറത്തെടുത്ത വെടിക്കെട്ട് ഇന്നിങ്സാണ് ടീമിന് തുണയായത്.

രണ്ട് ബൗണ്ടറിയും അഞ്ച് സിക്‌സറുകളും സഹിതം 12 പന്തില്‍ നിന്ന് 44 റണ്‍സ് താരം അടിച്ചെടുത്തു. തൃശ്ശൂരിനായി അജിനാസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത തൃശൂരിന് വേണ്ടി ഷോണ്‍ റോജര്‍ അര്‍ദ്ധ സെഞ്ച്വറി നേടി ടോപ് സ്‌കോററായി. 29 പന്തുകളില്‍ നിന്ന് 51 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. മൂന്ന് സിക്‌സറുകളും അഞ്ച് ഫോറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. വിക്കറ്റ് കീപ്പര്‍ അര്‍ജുന്‍ എ.കെ 14 പന്തുകളില്‍ നിന്ന് 44 റണ്‍സ് നേടി പുറത്താകാതെ നിന്നു.