ചെങ്ങറ സമരഭൂമിയിൽ റേഷൻകട തുടങ്ങും: മന്ത്രി ജി.ആർ.അനിൽ

Friday 29 August 2025 8:58 PM IST

കോന്നി: ചെങ്ങറ സമരഭൂമിയിൽ അടുത്തവർഷം റേഷൻകട ആരംഭിക്കുമെന്നും അടുത്തയാഴ്ച മുതൽ മൊബൈൽ റേഷൻകടയുടെ സേവനം സമരഭൂമിയിൽ ലഭ്യമാക്കുമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ചെങ്ങറ സമരഭൂമിയിലെ 25 കുടുംബങ്ങൾക്കുള്ള റേഷൻ കാർഡുകളുടെ വിതരണ ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരഭൂമിയിലെ മുഴുവൻ കുടുംബങ്ങൾക്കും 6 ലിറ്റർ മണ്ണെണ്ണ വീതം നൽകുമെന്നും ഇവിടുത്തെ എല്ലാ കുടുംബങ്ങളുടെയും റേഷൻ കാർഡുകളും മഞ്ഞക്കാർഡുകൾ ആക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ചെങ്ങറ സമരഭൂമിയിലെ കുടുംബങ്ങളുടെ പ്രശ്നങ്ങളോട് അനുഭാവപൂർവമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

കെ യു ജനീഷ് കുമാർ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ഭക്ഷ്യ പൊതുവിതരണ റവന്യൂ വകുപ്പ് സെക്രട്ടറി എം. ആർ. രാജമാണിക്യം, ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിജ പി. നായർ, ഗ്രാമപഞ്ചായത്ത് അംഗം വളർമതി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ ഗോപിനാഥൻ, സി.പി.എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി മണിയമ്മ, കോന്നി ഗ്രാമപഞ്ചായത്ത് അംഗം ജോയിസ് എബ്രഹാം, സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി എ. ദീപകുമാർ, എന്നിവർ സംസാരിച്ചു. സമരഭൂമിയിലെ കുടുംബങ്ങൾ ചേർന്ന് മന്ത്രിക്ക് ളാഹ ഗോപാലൻ പുരസ്കാരം നൽകി.