വിജ്ഞാന കേരളം പദ്ധതി; ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നൽകുക ലക്ഷ്യമെന്ന് മന്ത്രി

Friday 29 August 2025 9:42 PM IST

തിരുവനന്തപുരം: 'വിജ്ഞാന കേരളം' പദ്ധതി വഴി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി ചരിത്രം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ഇത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീയുമായി സംയോജിച്ച് സംഘടിപ്പിച്ച 'വിജ്ഞാന കേരളം' തൊഴില്‍മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണയായി തൊഴില്‍ അന്വേഷകര്‍ക്ക് അനുയോജ്യമായ ജോലി ലഭിക്കുവാനും കമ്പനികള്‍ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി തൊഴില്‍ അന്വേഷകരെ തൊഴില്‍ ദാതാക്കളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ തൊഴില്‍ മേളയ്ക്കുള്ളതെന്നും മന്ത്രി പറഞ്ഞു. അൻപതോളം കമ്പനികളും 500ഓളം ഉദ്യോഗാര്‍ഥികളും മേളയിൽ പങ്കെടുത്തു.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍ എസ്, ആനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല എൻ, പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എസ്, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി യു, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.