പുതുപുത്തന്‍ വണ്ടികളുണ്ട്, സുഖമായി യാത്ര ചെയ്യാം; സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി

Friday 29 August 2025 9:51 PM IST

തിരുവനന്തപുരം: ഓണം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴും ടിക്കറ്റ് കിട്ടാത്തത് കാരണം നാട്ടിലെത്താന്‍ കഴിയുമോയെന്ന ആശങ്കയിലാണ് നിരവധി മലയാളികള്‍. റെയില്‍വേയുടെ ഭാഗത്ത് നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപനങ്ങളുണ്ടാകുന്നുണ്ടെങ്കിലും ടിക്കറ്റ് കിട്ടുമോയെന്ന് ഉറപ്പില്ല. അന്യസംസ്ഥാന നഗരങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് കെഎസ്ആര്‍ടിസി നടത്തിയിരിക്കുന്നത്.

ഓണം അവധിക്ക് നാട്ടിലെത്താനും തിരികെ മടങ്ങാനും സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 15 വരെയാണ് ബംഗളൂരു, ചെന്നൈ, മൈസൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് കേരളത്തില്‍ നിന്ന് സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുക. പുതിയതായി പ്രഖ്യാപിച്ച സ്‌പെഷ്യല്‍ സര്‍വീസുകള്‍ നിലവില്‍ ഉള്ളവയ്ക്ക് പുറമേ ആയിരിക്കുമെന്നാണ് വിവരം. ഇതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.ശബരിമലയിലേക്കും സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്നാണ് പ്രഖ്യാപനം.

ഈ മാസം ആദ്യം വാങ്ങിയ എസി സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചര്‍ വിഭാഗങ്ങളില്‍ പെട്ട ബസുകള്‍ അന്തര്‍സംസ്ഥാന റൂട്ടുകളില്‍ സ്‌പെഷ്യല്‍ സര്‍വിസിനായി ഉപയോഗിക്കുക. ഓണക്കാലത്തെ സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്കു ശേഷമാകും ഡിപ്പോകള്‍ക്കു കൈമാറുക. സെപ്റ്റംബര്‍ ഒന്നാം തീയതി മുതലായിരിക്കും ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍.

തിരുവനന്തപുരം, കൊട്ടാരക്കര, ആലപ്പുഴ, കോട്ടയം, പാല, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഡിപ്പോകളില്‍ നിന്നാണ് നിലവില്‍ വിവധ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.