ആഗോള അയ്യപ്പസംഗമത്തിന് എൻ.എസ്.എസ് പിന്തുണ

Saturday 30 August 2025 12:00 AM IST

തിരുവനന്തപുരം: സെപ്തംബറിൽ പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് പിന്തുണയുമായി എൻ.എസ്.എസ്. അവിശ്വാസികൾ അയ്യപ്പസംഗമം നടത്തുന്നുവെന്ന ബി.ജെ.പിയുടെ ആരോപണം തള്ളിക്കൊണ്ടാണ് എൻ.എസ്.എസ് നിലപാട് വ്യക്തമാക്കിയത്.

ഭൂരിപക്ഷ പ്രീണനമെന്ന യു.ഡി. എഫിന്റെ ആരോപണത്തെയും എൻ.എസ്.എസ് ഗൗനിക്കുന്നില്ല.

ആചാര ലംഘനമുണ്ടാവില്ലെന്ന് ദേവസ്വംമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്നും എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എൻ.സംഗീത് കുമാർ പറഞ്ഞു.

സംഗമം ശബരിമലയുടെ പൂർണ വികസനത്തിന്നും ഭക്തരുടെ ബുദ്ധിമുട്ട് പരിഹരിക്കാനും സഹായകരമായ വേദിയായി മാറുമെന്നാണ് വിശ്വാസം.

യുവതിപ്രവേശനമെന്ന ആശങ്ക ഇപ്പോഴില്ല. അയ്യപ്പ സംഗമത്തിൽ ബിന്ദു അമ്മിണിക്ക് അനുമതി നൽകാത്ത സർക്കാരിൽ പൂർണ്ണ വിശ്വാസമാണ്.

എല്ലാകാലത്തും വിശ്വാസികൾ സർക്കാരിന് നേതൃത്വം കൊടുക്കണമെന്നില്ല. എൽഡിഎഫിലും പലരും വിശ്വാസികളാണ്. മതേതര സർക്കാർ എല്ലാ വിശ്വാസികളെയും സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും സംഗീത് കുമാർ പറഞ്ഞു.