അമീബിക് മസ്തിഷ്‌കജ്വരം; ഇന്നും നാളെയും ക്യാമ്പയിൻ
പത്തനംതിട്ട : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും ജാഗ്രതാ നിർദ്ദേശം. ജലമാണ് ജീവൻ ജനകീയ ക്യാമ്പയിൻ ഇന്നും നാളെയും സംഘടിപ്പിക്കുകയാണ് ആരോഗ്യ വകുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകൾ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണം. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ തുടങ്ങിയയിടത്തെ ജലസംഭരണ ടാങ്കുകൾ വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തും.
പ്രതിരോധ മാർഗങ്ങൾ- നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നതും മുങ്ങുന്നതും ഒഴിവാക്കുക. ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ചെളി കലക്കുന്നതും അടിത്തട്ട് കുഴിക്കുന്നതും ഒഴിവാക്കുക. നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷൻ ചെയ്ത് ശരിയായ രീതിയിൽ പരിപാലിക്കണം. സ്പ്രിങ്കളറുകൾ, ഹോസുകൾ എന്നിവയിൽ നിന്നും വെള്ളം മൂക്കിനുള്ളിൽ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക. തിളപ്പിച്ച് ശുദ്ധിവരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിർന്നവരുടേയോ മൂക്കിൽ ഒഴിക്കരുത്. ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോൾ/ മുഖം കഴുകുമ്പോൾ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് രോഗം പകരില്ലെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. എൽ.അനിതകുമാരി പറഞ്ഞു.
എലിപ്പനി പെരുകുന്നു
ജില്ലയിൽ എലിപ്പനി കേസുകൾ വർദ്ധിക്കുകയാണ്. സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം വർദ്ധിക്കുന്നതിനിടെയാണ് ജലജന്യരോഗമായ എലിപ്പനിയും ഭീതി ഉണർത്തുന്നത്. ഒരാഴ്ച കൊണ്ട് പന്ത്രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം 75 സ്ഥിരീകരിച്ച കേസുകളും ഇരുപതിലധികം സംശയാസ്പദ എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരുമരണവും രണ്ട് സംശയാസ്പദമരണവും ഉണ്ടായിട്ടുണ്ട്. ഇടയ്ക്കിടെയുള്ള മഴ കാരണം പനികേസുകൾ മൂന്നൂറിലധികം ദിവസവും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലാണ് കൂടുതലും എലിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. മലിന ജലവുമായി സമ്പർക്കമുള്ളവർക്ക് എലിപ്പനി സാദ്ധ്യത കൂടുതലാണ്.