ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: ഹർജിയിൽ റിപ്പോർട്ടുകൾ തേടി

Saturday 30 August 2025 12:00 AM IST

കൊച്ചി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആരോപിക്കുന്ന ഹർജിയിൽ ഹൈക്കോടതി റിപ്പോർട്ടുകൾ തേടി.

ഇതുസംബന്ധിച്ചുള്ള വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട്,പരിഹാരം സംബന്ധിച്ച് തന്ത്രിയുടെ വിശദമായ കുറിപ്പ്, ഭരണസമിതിയുടെ നടപടി റിപ്പോർട്ട് എന്നിവയാണ് ഹാജരാക്കേണ്ടത്. ആചാരപരമായ കാര്യങ്ങളിൽ തന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. കായംകുളം സ്വദേശി അഡ്വ.ആർ.രാജശേഖരൻപിള്ള സമർപ്പിച്ച ഹർജിയാണ് പരിഗണനയിലുള്ളത്.

കേടുപാടുകൾ തീർത്തതായും വിദഗ്ദ്ധസമിതി റിപ്പോർട്ടുണ്ടെന്നും ഭരണസമിതി അറിയിച്ചു. തന്ത്രിയുടെ ചെറുകുറിപ്പും ഹാജരാക്കി. എന്നാൽ സമിതിയുടെ റിപ്പോർട്ടോ തന്ത്രിയുടെ വിശദമായ കുറിപ്പോ കോടതിക്ക് ലഭിച്ചില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ആത്മീയകാര്യങ്ങളിൽ തന്ത്രിയുടെ വാക്കുകൾക്കാണ് പ്രാധാന്യമെന്നും പറഞ്ഞു. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ചത്. വിഷയം സെപ്‌തംബർ 11ന് വീണ്ടും പരിഗണിക്കും.