സർക്കാരിന്റെ വികസന സദസ്   പുകമറ: സണ്ണി ജോസഫ് 

Saturday 30 August 2025 12:00 AM IST

കണ്ണൂർ: പിണറായി സർക്കാരിന്റെ ഭരണ പരാജയം മറയ്ക്കാനുള്ള പുകമറയാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ്സ് സംഘടിപ്പിക്കാനുള്ള നീക്കമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കെ.പി.സി.സി ആഹ്വാനം ചെയ്ത വാർഡ്തല ഭവന സന്ദർശനത്തിനും ഫണ്ട് ശേഖരണത്തിനും പേരാവൂർ നിയമസഭാ മണ്ഡലത്തിൽ തുടക്കം കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തട്ടിക്കൂട്ട് പരിപാടിയാണ് സർക്കാർ നടത്തുന്നത്.. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തിയ സർക്കാരിന്റെ പി.ആർ പരിപാടികളായ നവകേരള സദസിന്റെയും കേരളീയത്തിന്റെയും ഭാഗമായി ഒരു പദ്ധതി പോലും സംസ്ഥാനത്ത് നടപ്പാക്കിയില്ല. ഇപ്പോൾ ജനങ്ങളുടെ മുന്നിൽ പരാജയം സമ്മതിക്കുകയാണ് സർക്കാർ. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി അവസാനിക്കുകയാണ്. ഇനിയാണോ വികസനം. എൽ.ഡി.എഫ് സർക്കാരിന്റെയും അവരുടെ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണ പരാജയം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതനുസരിച്ചുള്ള ജനവിധിയാണ് വരാൻ പോകുന്നത്. അതിനെ എന്തെങ്കിലും പുകമറ കൊണ്ട് തടയാമെന്നാണ് പിണറായി സർക്കാർ കരുതുന്നതെങ്കിൽ അതു നടക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു..