സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റ് ചൊവ്വാഴ്ച
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് പാസാക്കാൻ വൈസ്ചാൻസലർ ചൊവ്വാഴ്ച വീണ്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചു. നേരത്തേ നാലുവട്ടം വി.സി സിൻഡിക്കേറ്റ് യോഗം വിളിച്ചെങ്കിലും ക്വോറം തികഞ്ഞിരുന്നില്ല. തിങ്കളാഴ്ച സ്റ്റാറ്റ്യുട്ടറി ഫിനാൻസ് കമ്മിറ്റിയുടെ യോഗവും ചേരുന്നുണ്ട്. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നാണ് സിൻഡിക്കേറ്ര് യോഗം വിളിച്ചത്. ചൊവ്വാഴ്ച യോഗത്തിൽ ബഡ്ജറ്റ് പാസാക്കിയാൽ ഓണാവധിക്ക് മുൻപ് ജീവനക്കാരുടെ ജൂലായ് മുതലുള്ള ശമ്പളവും 2മാസത്തെ പെൻഷനും നൽകാനാവും. ക്വോറം തികയാൻ അഞ്ചു പേർ വേണം. കഴിഞ്ഞ 13ന് യോഗം വിളിച്ചെങ്കിലും വൈസ് ചാൻസലർ ഡോ.കെ.ശിവപ്രസാദ്, രജിസ്ട്രാർ ജി.ഗോപിൻ, രണ്ട് ഡീനുമാർ എന്നിവർ മാത്രമാണെത്തിയത്. ക്വോറം തികയാത്തതിനാൽ യോഗം ചേരാനായിരുന്നില്ല. ഒന്നരലക്ഷത്തോളം കുട്ടികൾക്ക് പരീക്ഷനടത്താനും സർട്ടിഫിക്കറ്റ് നൽകാനും പണമില്ലാതാവുകയും ശമ്പളവും പെൻഷനും മുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് വി.സി സിൻഡിക്കേറ്റ് വിളിച്ചത്. സിൻഡിക്കേറ്റ് ബഡ്ജറ്റ് പാസാക്കിയിയാൽ ബോർഡ് ഒഫ് ഗവേണേസ് യോഗത്തിൽ വച്ച് ബഡ്ജറ്റ് അംഗീകരിക്കണം.