വിസ പരിഷ്കാരങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിക്കും

Saturday 30 August 2025 12:46 AM IST

യു.എസ് ഡിപ്പാർട്ടമെന്റ് ഒഫ് ഹോംലാൻഡ് സെക്യൂരിറ്റി ഉന്നത വിദ്യാഭ്യാസത്തിനും, തൊഴിലിനുമെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ F1,H1B, എക്സ്ചേഞ്ച് വിസ നടപടിക്രമത്തിൽ നിയന്ത്രണമേർപ്പെടുത്തി. പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ തീരുമാനമാണ് ഇതിനു പിന്നിൽ. ഉപരിപഠനത്തിനായി അമേരിക്കയിലെത്തുന്ന വിദ്യാർത്ഥികൾക്ക് പരമാവധി നാലു വർഷം വരെ മാത്രമേ F1 വിസ അനുവദിക്കൂ. പഠനം പൂർത്തിയാക്കിയാലോ, വിസ കാലയളവ് പൂർത്തിയാക്കിയാലോ പരമാവധി ഒരു മാസം മാത്രമേ എക്സ്റ്റൻഷൻ ലഭിക്കൂ. ഇതിനു കാലയളവുണ്ടായിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സേവിസ് സിസ്റ്റത്തിലൂടെയുള്ള മോണിറ്ററിംഗ് സംവിധാനമുണ്ടായിരുന്നു. കോഴ്സ് നിശ്ചിത കാലയളവിൽ പൂർത്തിയാക്കാത്തവർക്കും മികച്ച തൊഴിൽ കണ്ടെത്താത്തവർക്കും ഇത് ബുദ്ധിമുട്ടാകും.

യു.ജി പഠനത്തിനെത്തു ന്ന വിദ്യാർത്ഥികൾക്ക് ആദ്യ വർഷത്തിൽ കോഴ്സ് മാറാൻ സാധിക്കുകയില്ല. ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്ക് പ്രവേശനം നേടിയാലും കോഴ്സ് മാറ്റം അനുവദിക്കില്ല. H1B വിസയിലും, J1വിസയിലും നിയന്ത്രണമുണ്ടാകും. വിസ എക്സ്റ്റൻഷന് ബയോമേട്രിക് സിസ്റ്റം അനുസരിച്ചുള്ള നടപടിക്രമങ്ങൾ അനുവർത്തിക്കണം. ഇതിനായി യു.എസ് സിറ്റിസൺഷിപ് & ഇമിഗ്രേഷൻ സർവീസിന്റെ അംഗീകാരം നേടണം. പഠനത്തോടൊപ്പം അതെ നിലവാരത്തിലോ താഴെ തട്ടിലുള്ളതോ ഉള്ള മറ്റു കോഴ്സുകളെടുക്കാൻ സാധിക്കില്ല. അമേരിക്കയിലെ പുതുക്കിയ വിസ നിയന്ത്രണം ഉപരിപഠനത്തിനും തൊഴിലിനുമെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും. 3.3 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്കയിലുണ്ട്. അമേരിക്കയിലെ മൊത്തം വിദേശ വിദ്യാർത്ഥികളിൽ 30 ശതമാനം ഇന്ത്യക്കാരാണ്.