ട്രെയിനിന് കല്ലെറിയല്ലേ; ക്യാമ്പെയിനുമായി റെയിൽവേ

Saturday 30 August 2025 12:58 AM IST

 രണ്ടു വർഷത്തിനിടെ 7971 കേസുകൾ

കൊച്ചി: ട്രെയിനുകൾക്കുനേരെ കല്ലേറ് തുടരുന്ന സാഹചര്യത്തിൽ തീവ്രപക്ഷാചരണവുമായി റെയിൽവേ. രണ്ടുവർഷത്തിനിടെ രാജ്യത്ത് 7,971 കല്ലേറുസംഭവങ്ങൾ റിപ്പോർട്ടുചെയ്തിട്ടുണ്ട്. പൊലീസ് പട്രോളിംഗും ബോധവത്കരണവും ശക്തമാക്കുന്നതടക്കം 15 ദിവസത്തെ ക്യാമ്പെയി​നാണ് റെയിൽവേ ബോർഡ് പ്രഖ്യാപിച്ചത്.

ട്രെയിനിനു നേരെയുള്ള കല്ലേറ് യാത്രക്കാർക്ക് വലിയ ഭീഷണിയാണ്. കണ്ണിനടക്കം പരിക്കേൽക്കുന്ന സംഭവങ്ങൾ കേരളത്തിലുമുണ്ടായി. അത്യാധുനിക സൗകര്യങ്ങളോടെ വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ സ്ഥിതിവഷളായി. പൊട്ടിയചില്ലുകളടക്കം അറ്റകുറ്റപ്പണിക്ക് റെയിൽവേ വൻതുക മുടക്കേണ്ടിയും വന്നു. എന്നാൽ ഇരുളിന്റെ മറവിൽ വിജനമായ സ്ഥലത്തുനിന്നുള്ള കല്ലേറിൽ പ്രതികളെ പലരെയും തിരിച്ചറിയാനായില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നിരീക്ഷണത്തിനൊപ്പം ബോധവത്കരണവും ശക്തമാക്കുന്നത്. ക്യാമ്പെയി​ൻ കാലയളവിലെ പ്രവർത്തനങ്ങൾക്ക് റെയിൽവേ ബോർഡിന്റെ ദൈനംദിന മേൽനോട്ടമുണ്ടാകും. കീഴ്ഘടകങ്ങൾ എല്ലാദിവസവും റിപ്പോർട്ട് നൽകണം. സംസ്ഥാനതലത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സെക്യൂരിറ്റി കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ട്രെയിൻ എസ്കോർട്ട് ടീമിനേയും ജാഗരൂകരാക്കും.

 ഹോട്ട്സ്പോട്ടുകളും നിർണയിച്ചു

28ന് തുടക്കം കുറിച്ച ക്യാമ്പെയി​ൻ പ്രകാരം ഹോട്സ്പോട്ടുകളിൽ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിന്റെ പട്രോളിംഗ് ശക്തമാക്കും. കല്ലെറിയുന്നവരെ കഴിയുന്നതും കൈയോടെ പിടിച്ച് കർശനവകുപ്പുകൾ ചുമത്തി കേസെടുക്കാൻ നടപടിയുണ്ടാകും. ലോക്കൽ പൊലീസും പട്രോളിംഗിനുണ്ടാകും. റെയിൽവേ ചേരികളിലും ട്രാക്കിന് സമീപവും താമസിക്കുന്ന കുട്ടികളെ ഭവിഷ്യത്തുകൾ അറിയിക്കും. സ്കൂൾ, കോളേജ് തലങ്ങളിലും ബോധവത്കരണമുണ്ടാകും. ട്രാക്ക് തടസപ്പെടുത്തി ട്രെയിനി​ന്റെ ഓട്ടം തടസപ്പെടുത്താനുള്ള ശ്രമങ്ങളും നിരീക്ഷിക്കും.

ട്രെയിൻ കല്ലേറിൽ അറസ്റ്റ് (2023-25): 4,549

കോച്ച് അറ്റകുറ്റപ്പണി​ക്ക് ചെലവായത്: 5.79 കോടി