സാങ്കേതിക യൂണി.യിൽ ഭരണ സ്‌തംഭനം തടയണം: കൈ കൂപ്പി സുപ്രീം കോടതി

Saturday 30 August 2025 12:08 AM IST

ന്യൂഡൽഹി: സർക്കാർ-ഗവർണർ തർക്കം കാരണം സാങ്കേതിക സർവകലാശാലയിൽ ഭരണ സ്‌തംഭനമുണ്ടാകരുതെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. രണ്ടു മാസമായി സർക്കാർ പ്രതിനിധികൾ സഹകരിക്കാത്തതിനാൽ സിൻഡിക്കേറ്റ് യോഗം ചേരാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വി.സി ഡോ. കെ.ശിവപ്രസാദ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്.

സർവകലാശാലകളുടെ ഭരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അടിയൊഴുക്കുകൾ എന്താണെന്ന് തങ്ങൾക്കറിയാം.സിൻഡിക്കേറ്റ് യോഗത്തിലേക്ക് പ്രതിനിധികളെ അയക്കാൻ കഴിയുമോയെന്ന് സംസ്ഥാന സർക്കാർ തിങ്കളാഴ്ച അറിയിക്കണം. അന്ന് ഹർജി വീണ്ടും പരിഗണിക്കാം.പരിഹാരശ്രമങ്ങളുണ്ടാകണമെന്ന് കൈകൂപ്പി അഭ്യർത്ഥിക്കുകയാണെന്നും കോടതി പറഞ്ഞു. മൂന്നാമത്തെ തവണയാണ് കോടതി തൊഴുകൈയോടെ സർക്കാരിനോടും ഗവർണറോടും അഭ്യർത്ഥിക്കുന്നത്. ബഡ്ജറ്റ് പാസാക്കാൻ കഴിയാത്തതിനാൽ ജൂലായ് മുതൽ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയിരിക്കുകയാണെന്ന് വി.സി അറിയിച്ചു. ജീവനക്കാരെ ബുദ്ധിമുട്ടിലാക്കരുതെന്ന് കോടതി സർക്കാരിനോട് പറഞ്ഞു.