എ.ഡി.എം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹർജി സെഷൻസ് കോടതിയ്ക്ക്, ​​​​​വിചാരണയും സെഷൻസിൽ

Saturday 30 August 2025 12:11 AM IST

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം വേണമെന്ന ഭാര്യ മഞ്ജുഷയുടെ ആവശ്യം തലശ്ശേരി സെഷൻസ് കോടതി പരിഗണിക്കും. കണ്ണൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വന്ന ഹർജി തുടർവാദത്തിനായി സെഷൻസിലേക്ക് കൈമാറി.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നേരത്തേ നൽകിയ ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. പ്രത്യേക അന്വേഷണ സംഘം പക്ഷപാതപരമായാണ് അന്വേഷണം നടത്തിയതെന്ന് ആരോപിച്ചാണ് തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ ഹർജി സമർപ്പിച്ചത്. അന്വേഷണം പൂർണമല്ലെന്നും പ്രതി ദിവ്യ, കളക്ടർ അരുൺ കെ. വിജയൻ എന്നിവരുടെ ഫോൺ കോൾ രേഖകൾ ഉൾപ്പെടെയുള്ളവ ഹാജരാക്കിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് അന്വേഷണം നീങ്ങിയതെന്നും ആരോപിച്ചു. കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും തുടരന്വേഷണ ഹർജി നിലനിൽക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് പൊലീസും റിപ്പോർട്ട് നൽകിയിരുന്നു. കേസിന്റെ അന്വേഷണ പരിധിയിൽ വരുന്ന മുഴുവൻ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചാണ് പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ റിപ്പോർട്ട് പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി ഇരുഭാഗത്തിന്റെയും വാദം കേട്ടെങ്കിലും കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്ന പ്രതി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ. വിശ്വന്റെ വാദം അംഗീകരിക്കുകയായിരുന്നു. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുഹമ്മദലി ഷഹഷാദാണ് ഹർജി അവിടേക്ക് മാറ്റിയത്. വിചാരണയും അവിടെയാണ് നടത്തുന്നത്. പ്രതിക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചതെന്ന് മഞ്ജുഷയുടെ അഭിഭാഷകൻ വാദിച്ചു. കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രശാന്തനിൽ നിന്ന് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രചരിപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഈ കാര്യം തെറ്റെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ കാര്യത്തെപ്പറ്റി എസ്‌.ഐ.ടി പ്രത്യേക അന്വേഷണം നടത്തിയില്ലെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

നിയമത്തിൽ വിശ്വാസം: നവീൻബാബുവിന്റെ കുടുംബം പത്തനംതിട്ട : തങ്ങൾ ഇപ്പോഴും നിയമത്തിൽ അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് നവീൻബാബുവിന്റെ കുടുംബം. ഹർജിയിൽ ഉന്നയിച്ച13 കാര്യങ്ങളിൽ വ്യക്തതവേണമെന്നാണ് ആവശ്യമെന്ന് നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. കുടുംബം ആവശ്യപ്പെട്ട കാര്യങ്ങൾ കൂടി അന്വേഷണത്തിൽ പരിഗണിക്കണമെന്ന് സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. സെഷൻസ് കോടതിയിൽ നടക്കേണ്ട കേസാണിത്. വാദം കേൾക്കേണ്ടത് സെഷൻസ് കോടതിയാണ്. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.