'ജലമാണ് ജീവൻ' ശുചീകരണ കാമ്പയിൻ ഇന്നും നാളെയും
പാലക്കാട്: അമീബിക് മസ്തിഷ്‌ക ജ്വരം, മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങൾ, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സംസ്ഥാന സർക്കാരിന്റെ 'ജലമാണ് ജീവൻ' ജനകീയ ശുചീകരണ കാമ്പയിൻ ഇന്നും നാളെയുമായി നടക്കും. കാമ്പയിനിലൂടെ വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും കിണറുകൾ, ജലസംഭരണ ടാങ്കുകൾ തുടങ്ങിയ കുടിവെള്ള സ്രോതസുകൾ എന്നിവ ശുചീകരിക്കും. വീടുകൾ, സ്ഥാപനങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ളാറ്റുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ ജലജന്യ രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും ഈ കാമ്പയിനിൽ അണി ചേരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അഭ്യർത്ഥിച്ചു.
അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധ മാർഗങ്ങൾ
ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പനി, തലവേദന, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, നടുവേദന എന്നിവയാണ്. ഗുരുതരമായാൽ അപസ്മാരം, ബോധക്ഷയം, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ വിദഗ്ധ ചികിത്സ തേടണം. അടുത്തിടെ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ കുളിച്ചിട്ടുണ്ടെങ്കിൽ ഇക്കാര്യം ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. രോഗം വരാതിരിക്കാൻ നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നതും മുങ്ങുന്നതും ഒഴിവാക്കുക. നീന്തുമ്പോൾ മൂക്കിലൂടെ വെള്ളം കയറുന്നത് തടയാൻ നോസ് പ്ലഗ് ഉപയോഗിക്കുകയോ വിരലുകളാൽ മൂക്ക് അടച്ചുപിടിക്കുകയോ ചെയ്യണം. ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അടിത്തട്ടിലെ ചെളി കലക്കുന്നത് ഒഴിവാക്കുകയും, ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോൾ മൂക്കിനുള്ളിലേക്ക് വെള്ളം പോകാതെ ശ്രദ്ധിക്കുകയും വേണം. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ദിവസവും ക്ലോറിനേറ്റ് ചെയ്ത് ക്ലോറിൻ അളവ് ഉറപ്പുവരുത്തണം. കൂടാതെ, ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ടാങ്കുകൾ മൂന്നുമാസം കൂടുമ്പോൾ വൃത്തിയാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.