ഖാലിദ് ജമീലിന് കീഴില്‍ ഇന്ത്യക്ക് വിജയത്തുടക്കം; തജികിസ്ഥാനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Saturday 30 August 2025 12:01 AM IST

ഹിസോര്‍: തജിക്കിസ്ഥാനില്‍ നടക്കുന്ന സെന്‍ട്രല്‍ ഏഷ്യ ഫുട്ബാള്‍ അസോസിയേഷന്‍ നേഷന്‍സ് കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം.ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് മുഖ്യ പരിശീലകന്‍ ഖാലിദ് ജമീലിന്റെ കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ വിജയിച്ചത്.

മത്സരത്തിന്റെ നാലാം മിനിട്ടില്‍തന്നെ അന്‍വര്‍ അലി ഹെഡറിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റമത്സരത്തിനിറങ്ങിയ മലയാളി താരം ഉവൈസ് ഗോള്‍ മുഖത്തേക്ക് നീട്ടിയെറിഞ്ഞ ഒരു ത്രോ ഇന്നില്‍ നിന്നായിരുന്നു അന്‍വര്‍ അലിയുടെ ഹെഡര്‍. 13-ാം മിനിട്ടില്‍ സന്ദേശ് ജിംഗാനാണ് രണ്ടാം ഗോള്‍ നേടിയത്.

രാഹുല്‍ ഭെക്കെയുടെ ഹെഡര്‍ റീബൗണ്ട് ചെയ്തത് പിടിച്ചെടുത്ത് അന്‍വര്‍ അലി നല്‍കിയ ക്രോസാണ് ജിംഗാന്‍ ഗോളാക്കി മാറ്റിയത്. 23-ാം മിനിട്ടില്‍ ഷാറോം സമിയേവാണ് തജികിസ്ഥാന്റെ ആശ്വാസഗോള്‍ നേടിയത്. തിങ്കളാഴ്ച ഇറാനെതിരെയാണ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ അടുത്ത മത്സരം.