'ഓണക്കാലത്ത് സ്വര്‍ണ വ്യാപാരം തടസ്സപ്പെടും', നടപടി അനവസരത്തിലെന്ന് വ്യാപാരികള്‍

Saturday 30 August 2025 12:10 AM IST

തിരുവനന്തപുരം: സ്വര്‍ണ വ്യാപാര മേഖലയിലെ ജി.എസ്.ടി റെയ്ഡ് ഓണക്കച്ചവടം തടസ്സപ്പെടുത്തുന്നതാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍നാസര്‍ എന്നിവര്‍ ആരോപിച്ചു. വിലവര്‍ദ്ധന വ്യാപാരത്തെ ബാധിക്കുന്നതിനിടെയാണ് ഈ നടപടി.

പുതിയ സ്വര്‍ണ കടകളില്‍ പോലും റെയ്ഡ് നടത്തി അപമാനിക്കുകയാണ്. പരിശോധിച്ച സ്ഥാപനങ്ങളില്‍ നാമമാത്രമായ അധിക സ്വര്‍ണം മാത്രമാണ് കണ്ടെത്തിയത്. ഇരുന്നൂറോളം ഉദ്യോഗസ്ഥര്‍ ആഘോഷമായി പങ്കെടുത്ത പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ കൃത്യമായ കണക്ക് സഹിതം വെളിപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രണ്ടുകോടിയുടെ നികുതി വെട്ടിപ്പെന്ന് ജി.എസ്.ടി.വകുപ്പ്

തിരുവനന്തപുരം: തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ റെയ്ഡില്‍ രണ്ട് കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയെന്ന് ജി.എസ്.ടി വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ചൊവ്വ,ബുധന്‍ ദിവസങ്ങളിലായി 16 ജുവലറി ഉടമകളുടെ 42 നിര്‍മ്മാണകേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. കണക്കില്‍പെടാത്ത 36കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയെന്നും അവര്‍ അറിയിച്ചു.