ചുരത്തിലെ മണ്ണിടിച്ചിൽ: മന്ത്രി രാജൻ ചർച്ച നടത്തി

Saturday 30 August 2025 2:24 AM IST

തിരുവനന്തപുരം: വയനാട് ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി കെ. രാജൻ ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തി. ചുരത്തിന്റെ ഒമ്പതാം വളവിൽ ഏകദേശം 80 അടി ഉയരത്തിലുണ്ടായ പാറയിലെ വിള്ളലുകളാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി. ബ്ലോക്കുകളായാണ് പാറകൾ വീണിരിക്കുന്നത്. ഇതിൽ നിന്ന് ഉത്ഭവിച്ച വെള്ളച്ചാലാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്.

വയനാട്, കോഴിക്കോട് ജില്ലാ കളക്ടർമാർ തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ രേഖയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ്, ജിയോളജി, മണ്ണ് സംരക്ഷണം, പൊലീസ് വിഭാഗങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. റോഡിലെ മണ്ണും അവശിഷ്ടങ്ങളും നീക്കിക്കഴിഞ്ഞു. അടിയന്തര സാഹചര്യത്തെ നേരിടാൻ ചെയിൻ ഹിറ്റാച്ചിയും ക്രെയിനുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ചുരത്തിലെ പാറകളിലുണ്ടായ വിള്ളൽ റോഡിനടിയിലേക്കും ആഴത്തിലുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. അതുവരെ ഭാരവാഹനം കടത്തിവിടാനാകില്ല.

കുറ്റ്യാടി ചുരം വഴി ചെറിയ വാഹനങ്ങൾ കടത്തിവിടാനും നിർദ്ദേശം നൽകി. വ്യാഴാഴ്ച കുറ്റ്യാടി ചുരത്തിലും ചെറിയ മണ്ണിടിച്ചിലുണ്ടായി. ഈ റോഡിൽ അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ യുദ്ധകാലടിസ്ഥാനത്തിൽ തീർക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യോഗത്തിൽ ലാൻഡ് റവന്യു കമ്മിഷണർ എ.കൗശികനും ദുരന്ത നിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസും പങ്കെടുത്തു.