താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ ഭാഗത്ത് ശാസ്ത്രീയ പരിശോധന
ലക്കിടി: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹിൽകുമാർ. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം സന്ദർശിച്ചശേഷമാണ് ഇക്കാര്യം അറിയിച്ചത്. ചുരത്തിൽ 24 മണിക്കൂറും നിരീക്ഷണം ഉണ്ടാകും. അശങ്കാ ജനകമായ സാഹചര്യം ഇല്ല. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ഭാരക്കൂടുതലുള്ള വാഹനങ്ങൾ തുടർച്ചയായി കടന്നുപോകാൻ നിലവിൽ അനുവദിക്കില്ല. അതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ ആശയവിനിമയം നടത്തിയാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.
ചുരത്തിൽ നിന്നും കൃത്യമായ വിവരങ്ങൾ യഥാസമയം ലഭിച്ചതുകൊണ്ടാണ് സന്ദർശനം നീട്ടിയതെന്ന് കളക്ടർ പറഞ്ഞു. എല്ലായിടത്തും കളക്ടർ സന്ദർശിക്കണമെന്നില്ല. സബ് കളക്ടർ സന്ദർശിച്ചിരുന്നു. മറ്റ് ഉദ്യോഗസ്ഥരും വിവരങ്ങൾ നൽകിയെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ പത്തരയോടെയാണ് സ്‌നേഹികുമാർ പ്രദേശം സന്ദർശിച്ചത്. ജിയോളജി ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒപ്പമുണ്ടായിരുന്നു.
നിയന്ത്രണങ്ങളോടെ ബസ്
ഉൾപ്പെടെ കടത്തിവിടും
കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ നിയന്ത്രിതമായി കടത്തിവിടും. മൾട്ടിആക്‌സിൽ വാഹനങ്ങൾക്കുള്ള നിരോധനം തുടരും. ഇരു ഭാഗത്തുനിന്നും കൃത്യമായ ഇടവേളകളിൽ കടത്തിവിടാൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗം തീരുമാനിച്ചു.
ചുരം വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തും. ഇവിടെ വാഹനം നിറുത്തി സമയം ചെലവിടുന്നത് നിരോധിക്കും. സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാകുന്നതുവരെ അഗ്‌നിരക്ഷാസേനയുടെ ഒരു യൂണിറ്റിനെ ചുരത്തിൽ വിന്യസിക്കും. വെളിച്ചത്തിനുള്ള ക്രമീകരണം തുടരും. റൂറൽ എസ്.പി കെ.ഇ. ബൈജു, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ രേഖ, ജിയോളജിസ്റ്റ് ഡോ. മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.