കേരള സിൻഡിക്കേറ്റ് യോഗം സെപ്തം. 2ന്
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം സെപ്തംബർ രണ്ടിന് വിളിച്ചുചേർക്കാൻ വി.സി ഡോ. മോഹനൻ കുന്നുമ്മൽ നിർദ്ദേശം നൽകി. അറുപത് ദിവസത്തിനുള്ളിൽ യോഗം ചേരണമെന്ന സർവ്വകലാശാല നിയമം പാലിക്കുന്നതിനാണിത്. രജിസ്ട്രാർ ഡോ. അനിൽകുമാറിന്റെ സസ്പെൻഷൻ ചർച്ചയാവും.
കഴിഞ്ഞ ജൂലായ് ആറിന് ഡോ. സിസാ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബഹളത്തെ തുടർന്ന് പിരിച്ചുവിട്ടിരുന്നു. അതിനു ശേഷം സി.പി.എം സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയെങ്കിലും വി.സി അംഗീകരിച്ചില്ല. സിൻഡിക്കേറ്റ് വിളിക്കണമെന്ന് മന്ത്രി ബിന്ദു പലവട്ടം വി.സിയോട് ആവശ്യപ്പെട്ടിരുന്നു. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്ലാനിംഗ് ഡയറക്ടർ ഡോ: മിനി കാപ്പനാണ് സിൻഡിക്കേറ്റ് യോഗത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
സിൻഡിക്കേറ്റ് അംഗങ്ങളും വിസിയുമായുള്ള പരസ്യ വാഗ്വാദത്തെ തുടർന്ന് ഒരു മാസമായി സിൻഡിക്കേറ്റ് ഉപസമിതികൾ ചേരുന്നില്ല. വനിതാ ഉദ്യോഗസ്ഥരെയടക്കം സിൻഡിക്കേറ്റ് അംഗങ്ങൾ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുന്നെന്ന പരാതിയെ തുടർന്ന് സിൻഡിക്കേറ്റ് റൂം ഔദ്യോഗിക യോഗങ്ങൾക്ക് മാത്രമേ തുറക്കാവൂ എന്ന് വി.സി കർശന നിർദ്ദേശം നൽകിയിരുന്നു. വി.സി സസ്പെൻഡ് ചെയ്ത രജിസ്ട്രാർ സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഓഫീസിൽ ദിവസേന ഹാജരാകുന്നുണ്ട്.