തലസ്ഥാനത്തും അന്യസംസ്ഥാന തൊഴിലാളികളെന്ന പേരിൽ ബംഗ്ലാദേശികൾ,​ വിമാനത്താവളം മുതൽ അതീവ സുരക്ഷാ മേഖലകളിൽ സാന്നിദ്ധ്യം

Saturday 30 August 2025 2:14 AM IST

തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ള ബംഗ്ലാദേശികൾ വ്യാജരേഖകളുമായി അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തിൽ നഗരത്തിലേക്ക് നുഴഞ്ഞുകയറിയതായി സൂചന. തൊഴിൽ വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത ഇടപെടലും പരിശോധനയുമില്ലാത്തതിനാൽ പല സ്ഥലങ്ങളിലും ബംഗ്ലാദേശികൾ വ്യാജ രേഖകളിൽ ജോലി ചെയ്യുന്നുണ്ട്. കുറച്ചുനാളുകൾക്കു മുൻപ് ബംഗ്ലാദേശ് സ്വദേശികളായ 3പേരെ നെട്ടയത്തെ നിർമ്മാണ തൊഴിലാളികളുടെ താമസസ്ഥലത്തു നിന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം ബ്രഹ്മോസിനു സമീപത്തു നിന്ന് ഒരാളെ പിടികൂടി.അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് തദ്ദേശ സ്ഥാപനത്തിന്റെയും തൊഴിൽവകുപ്പിന്റെയും കൈയിലില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി മോഷണവും അക്രമവും നടത്തി മടങ്ങുന്ന സംഘങ്ങൾ ജില്ലയിൽ സജീവമാണ്. ഒട്ടുമിക്ക കടകളിലും ഇവർ വ്യാജ വ്യക്തിത്വത്തിൽ ജോലി ചെയ്യുന്നുണ്ട്.

പരിശോധനകൾ ഇല്ലാതായതോടെ കൊടുംകുറ്റവാളികൾപോലും വ്യാജ തിരിച്ചറിയൽ കാർഡുമായി സംസ്ഥാനത്തെ പലഭാഗങ്ങളിലും എത്തുന്നു.

നഗരത്തിലെ പല സ്ഥലങ്ങളിലും ബംഗ്ലാദേശികളുടെ സാന്നിദ്ധ്യമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതീവ സുരക്ഷാ മേഖലകൾക്ക് സമീപവും ഇവരുടെ സാന്നിദ്ധ്യമുണ്ട്.നിർമ്മാണ പ്രവർത്തനങ്ങളിൽ മുതൽ കടകളിലെ ക്യാഷിയർ ജോലികൾ വരെ ഇവർ ചെയ്യുന്നു.

സർവ്വം വ്യാജം

ബംഗാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി പണം നൽകി ആധാർ കാർഡും മറ്റ് രേഖകളും ബംഗ്ലാദേശ് സ്വദേശികൾ കൈക്കലാക്കും. കൂടുതൽ പേർ നിർമ്മാണ പ്രവൃത്തികളുടെ കരാറെടുത്ത ആൾ വഴിയാണ് ജോലിക്ക് കയറുന്നത്.

സംയുക്ത പരിശോധന

തൊഴിൽ വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധന വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിൽ വ്യാജ രേഖകളുള്ളവരെ നിയമനടപടിക്ക് വിധേയമാക്കുകയോ തിരിച്ചയക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

ബംഗ്ലാദേശിയെ പിടികൂടിയ സംഭവം : ഗൗരവമായൊന്നും കണ്ടെത്തിയില്ല

ബ്രഹ്മോസിനു സമീപം വ്യാജരേഖയുമായി ബംഗ്ലാദേശ് സ്വദേശി പിടിയിലായ സംഭവത്തിൽ ഗൗരവതരമായൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്. ബംഗ്ലാദേശ് സ്വദേശി ഗെർമി പ്രണോബിനെ(31) പേട്ട പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇയാളുടെ ഫോൺ കൂടുതൽ പരിശോധനയ്ക്കായി സൈബർ വിഭാഗത്തിന് കൈമാറും. ബംഗ്ലാദേശിൽ ജോലിയില്ലാത്തതിനാൽ കള്ളവണ്ടി കയറിയാണ് പ്രതി ഡൽഹിയിലെത്തിയത്. അവിടെ നിന്ന് വ്യാജരേഖകൾ ചമച്ച് തലസ്ഥാനത്തേക്ക് എത്തുകയായിരുന്നു. പ്രതിയെ 12 വരെ കോടതി റിമാൻഡ് ചെയ്തു.ഇയാൾജോലി ചെയ്തിരുന്ന സ്ഥലത്തെ കോൺട്രാക്ടറെയും ചോദ്യം ചെയ്‌തെങ്കിലും മറ്റു വിവരങ്ങൾ അയാൾക്കും ലഭ്യമല്ല. പ്രനോയ് റോയ് എന്ന പേരിലാണ് ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും. മിലിട്ടറി ഇന്റലിജൻസിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു അറസ്റ്റ്.ഇയാളെ കഴിഞ്ഞ ദിവസം തന്നെ കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് ചോദ്യം ചെയ്യുകയും ബയോമെട്രിക് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.