തമിഴ്നാടും കർണാടകയും ഇവിടെ നിന്ന് പണം കൊണ്ടുപോകാൻ ലേശം വിയർക്കും,​ തലസ്ഥാനവും ഇക്കാര്യത്തിൽ സ്വയംപര്യാപ്തതയിലേക്ക്

Saturday 30 August 2025 2:50 AM IST

തിരുവനന്തപുരം: ജില്ലയിൽ പുഷ്പക്കൃഷിക്ക് പ്രചാരമേറുന്നു.ഈ വർഷം പുഷ്പക്കൃഷി വിസ്തൃതി 221.50 ഹെക്ടറായി വർദ്ധിച്ചു.കഴിഞ്ഞ വർഷം ഇത് 216.82 ഹെക്ടറായിരുന്നു.ഓരോ വർഷവും പുഷ്പക്കൃഷി വർദ്ധിച്ച് വരികയാണെന്നാണ് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസിന്റെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കാട്ടാക്കട നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പുഷ്പക്കൃഷിയുള്ളത്.മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി 42.5 ഹെക്ടർ സ്ഥലത്താണ് ഇത്തവണ പുഷ്പക്കൃഷി ചെയ്തിട്ടുള്ളത്.മുൻവർഷത്തെ (37.75 ഹെക്ടർ) അപേക്ഷിച്ച് 13 ശതമാനം വർദ്ധനവാണിത്.

തിരുവനന്തപുരം നഗരസഭയിൽ പുഷ്പക്കൃഷി വിസ്തൃതി മുൻവർഷത്തെ 1.5 ഹെക്ടറിൽ നിന്ന് 13.5 ഹെക്ടറായി വർദ്ധിച്ചു. വ്യക്തികളുടെ മാത്രമല്ല,വിവിധ കൂട്ടായ്മകളുടെ പ്രവർത്തനങ്ങളും നഗരമേഖലയിലെ പുഷ്പക്കൃഷിയുടെ കുതിപ്പിന് കാരണമായി.

ജില്ലയിൽ നേമം ബ്ലോക്കാണ് പുഷ്പക്കൃഷിയിൽ ഒന്നാം സ്ഥാനത്തുള്ളത് (47.8 ഹെക്ടർ).ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പുഷ്പക്കൃഷിയുള്ളത് പള്ളിച്ചൽ പഞ്ചായത്തിലാണ് (20.2 ഹെക്ടർ).

ഗുണങ്ങൾ

സാമ്പത്തിക നേട്ടം,തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു

കൂട്ടായ്മകളുടെയും സ്വയംസഹായ സംഘങ്ങളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നു

പ്രാദേശികമായി ഉത്പാദിപ്പിച്ച പൂക്കൾ കൊണ്ട് ഉത്സവങ്ങളും ആഘോഷങ്ങളും കൊണ്ടാടുന്നത് നാട്ടുകാരിൽ അഭിമാനബോധം വളർത്തുന്നു

കൃഷിചെയ്യുന്ന പ്രധാന ഇനങ്ങൾ

ജമന്തി,ചെണ്ടുമല്ലി,വാടാമുല്ല എന്നീ ഇനങ്ങളാണ് കൂടുതൽ കൃഷി ചെയ്യുന്നത്.

ജമന്തി 56.4%

ചെണ്ടുമല്ലി 44.9%

വാടാമുല്ലയും മറ്റ് പൂക്കളും 16.7%

മാണിക്കലിൽ താമരപ്പാടം

കഠിനംകുളത്ത് സൂര്യകാന്തിപ്പാടം

മാണിക്കൽ പഞ്ചായത്തിൽ 1ഹെക്ടർ വിസ്തൃതിയിൽ താമരക്കൃഷി ചെയ്യുന്നുണ്ട്.സംസ്ഥാനത്ത് ആദ്യമായി കേരളസർക്കാരിന്റെ സഹകരണത്തോടെ താമരപ്പൂ കൃഷി ആരംഭിച്ചുവെന്ന പ്രത്യേകത കൂടിയുണ്ട്.കഠിനംകുളം പഞ്ചായത്തിൽ 1.5 ഏക്കറോളം വിസ്തൃതിയിൽ സൂര്യകാന്തിക്കൃഷി വിജയകരമായി നടപ്പിലാക്കി.സുജിത്.എസ്.വി. എന്ന കർഷകനാണ് ഈ നേട്ടത്തിനുടമ.