ചെരുപ്പിലൂടെ എന്തോ ഇഴയുന്നതുപോലെ തോന്നി,​ കണ്ടത് ഭീമൻ അണലിയെ; കൃഷിഭവനിലെത്തിയവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Saturday 30 August 2025 9:49 AM IST

ആലപ്പുഴ: കൃഷിഭവനിൽ പാമ്പിനെ കണ്ടത് ഉദ്യോഗസ്ഥരെയും കർഷകരെയും പരിഭ്രാന്തിയിലാക്കി. കൃഷിഭവനിൽ നടന്ന പാടശേഖര സമിതിയുടെ യോഗത്തിനിടയിലായിരുന്നു സംഭവം. മോശപ്പുറത്തും ചാടി കയറിയും കൃഷിഭവനിൽ നിന്ന് ഇറങ്ങിയോടിയുമാണ് ആളുകൾ രക്ഷപ്പെട്ടത്. നീലംപേരൂര്‍ കൃഷിഭവനില്‍ വെള്ളിയാഴ്ച ഉച്ചയോടെ കോഴിച്ചാല്‍ വടക്ക് പാടശേഖരത്തിന്റെ യോഗം നടക്കുന്നതിനിടെയായിരുന്നു സംഭവം.

ചെരുപ്പിലൂടെ എന്തോ ഇഴയുന്നതു ശ്രദ്ധിച്ച കര്‍ഷകനാണ് അണലിയെ കണ്ടത്. പരിഭ്രാന്തിയിലായ കര്‍ഷകര്‍ പെട്ടെന്ന് ഇറങ്ങിയോടുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇറങ്ങിയോടാനുള്ള സാവകാശം ഇല്ലാതിരുന്നതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുന്നതിന് മേശപ്പുറത്ത് ചാടിക്കയറുകയായിരുന്നു.

സ്ഥിരമായി പാമ്പിന്റെ ശല്യം ഉണ്ടാകാറുള്ള കൃഷിഭവനില്‍ അടുത്തിടെ മൂര്‍ഖനെ കണ്ടിരുന്നു. ഓഫീസിനുള്ളില്‍ കയറിയ പൂച്ച മൂര്‍ഖനുമായി ഏറ്റുമുട്ടുകയായിരുന്നു. ചീറ്റുന്ന ശബ്ദംകേട്ട് എത്തിയ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ഇവര്‍ പുറത്തേക്ക് ഇറക്കിവിടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പിനെ കാണാതായി. ഇതിനെ തുടർന്ന് കുറച്ച് ദിവസം കൃഷിഭവന്റെ പ്രവര്‍ത്തനം പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റിയിരുന്നു.